ഹൈദരാബാദ്: സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാന്‍ ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സുഷമ സ്വരാജ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സുഷമ വ്യക്തമാക്കി.
”ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ അവസാനിപ്പിക്കുന്നത് വരെ പാക്കിസ്ഥാന്റെ ക്ഷണത്തോട് പോസിറ്റീവായി പ്രതികരിക്കാനാകില്ല. ചര്‍ച്ച ഉണ്ടാകില്ല, അതുകൊണ്ട് തന്നെ സാര്‍ക്കില്‍ ഇന്ത്യ പങ്കെടുക്കില്ല” ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
അതേസമയം, കര്‍ത്താര്‍പൂര്‍ പാത നിര്‍മ്മിക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തെ സുഷമ സ്വാഗതം ചെയ്തു. എന്നാല്‍ സുഷമ ക്ഷണം സ്വീകരിച്ച് പാക്കിസ്ഥാനിലേക്ക് പോയില്ല, പകരം കേന്ദ്രമന്ത്രിമാരായ ഹര്‍സിമ്രത് കൗര്‍ ബാദലിനേയും ഹര്‍ദീപ് സിങ് പുരിയേയുമാണ് അയച്ചത്. തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാനാകാത്തതെന്നായിരുന്നു സുഷമ അറിയിച്ചത്. ഗുരു നാനാക്കിന്റെ സമാധിസ്ഥലമായ കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ഇപ്പോള്‍ പാക്കിസ്ഥാനിലാണ്. സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേയ്ക്ക് ഇന്ത്യയില്‍ നിന്ന് ഒരു സ്ഥിരം പാത വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്. എന്നാല്‍ നയതന്ത്ര തര്‍ക്കങ്ങളില്‍ കുരുങ്ങി അത് ഇതുവരെ നടപ്പായിരുന്നില്ല.
”വര്‍ഷങ്ങളായി ഈ പാതയ്ക്കായി ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ മാത്രമാണ് അവര്‍ സമ്മതിച്ചത്. ഇതുകൊണ്ട് മാത്രം ചര്‍ച്ച നടക്കില്ല. തീവ്രവാദവും സംസാരവും ഒരുമിച്ച് പോകില്ല” സുഷമ പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്‌ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
2016ല്‍ നടത്താനിരുന്ന ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ഉറിയില്‍ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം ഉണ്ടാവുകയും 19 സൈനികര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അന്ന് ഇന്ത്യ പിന്മാറിയത്. 2014ല്‍ നേപ്പാളിലെ കാഠ്മണ്ഡുവിലാണ് അവസാനമായി എട്ട് സാര്‍ക്ക് രാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുത്ത ഉച്ചകോടി സംഘടിപ്പിച്ചത്.