ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കരുതെന്ന് കാണിച്ച് തീവ്ര ഹിന്ദുത്വ വാദികളുടെ പ്രതിഷേധം. ശീതള്‍ മാതാ കോളനിയിലെ പള്ളിക്ക് എതിരെയാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയത്. ഇതിനെ തുടര്‍ന്ന് മുസ്‌ലിം സമുദായത്തിലെ പ്രതിനിധികള്‍ ഡപ്യൂട്ടി കമ്മീഷണറെ കണ്ട് പ്രശ്നം ചര്‍ച്ച ചെയ്തു. കമ്മീഷണര്‍ക്ക് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കത്ത് നല്‍കി.

ബാങ്ക് വിളിയുടെ ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചില ഹിന്ദുത്വ സംഘടനകള്‍ നേരത്തേ പ്രതിഷേധം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് തങ്ങള്‍ ഉച്ചഭാഷിണിയിലൂടെയുളള ബാങ്ക് വിളിയുടെ ശബ്ദം കുറച്ചതായും മുസ്‌ലിം ഏക്താ മഞ്ച് ചെയര്‍മാന്‍ ഹാജി ഷെഹ്സാദ് ഖാന്‍ പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് ചില സമൂഹവിരുദ്ധര്‍ പ്രദേശത്ത് എത്തി പ്രശ്നം സൃഷ്ടിച്ചതായും ഇദ്ദേഹം ആരോപിച്ചു.

‘പ്രദേശത്തെ മറ്റ് സഹോദരങ്ങള്‍ക്ക് വേണ്ടി ബാങ്ക് വിളിയുടെ ശബ്ദം ഞങ്ങള്‍ കുറച്ചു. കുറച്ച് ദിവസം മുമ്പ് ചിലര്‍ കമ്മീഷണര്‍ക്ക് ഞങ്ങള്‍ക്കെതിരെ പരാതി നല്‍കി. പൊലീസ് ഞങ്ങളെ വിളിച്ച് ബാങ്ക് വിളിയുടെ ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളത് ചെയ്യുകയും ചെയ്തു. എന്നാല്‍ നമ്മുടെ പ്രദേശത്തിന് പുറത്ത് നിന്നെത്തിയ ചിലര്‍ ഇതില്‍ തൃപ്തരല്ലായിരുന്നു. അവര്‍ വീണ്ടും എത്തി പ്രശ്നം ഉണ്ടാക്കി. ഈ പ്രദേശത്ത് ഒരു മുസ്‌ലിം പള്ളി നില്‍ക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുമെന്ന് ഇവര്‍ പറഞ്ഞു. ഇവിടെ പ്രാര്‍ത്ഥിക്കാന്‍ സമ്മതിക്കില്ലെന്നും ഭീഷണിപ്പെടുത്തി. എല്ലാത്തിനേയും കൊന്ന് വീടിന് തീയിടുമെന്നും അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി’, ഷെഹ്സാദ് പറഞ്ഞു.

അതേസമയം, ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ഡപ്യൂട്ടി കമ്മീഷണര്‍ തയ്യാറായില്ല. അതേസമയം പ്രതിഷേധവുമായെത്തിയ ഹിന്ദു സംഘടനകള്‍ വ്യാഴാഴ്ച കമ്മീഷണറെ കാണാന്‍ കഴിയില്ലെന്ന് അറിയിച്ചു. തങ്ങള്‍ക്ക് മറ്റൊരു യോഗം ഉണ്ടെന്ന് ഇവര്‍ അറിയിച്ചു. ‘മൂന്ന് നിലയുളള ഒരു വീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്നതിനെതിരെ ആണ് സംഘടനകള്‍ പ്രതിഷേധിച്ചത്. ആ വീട്ടില്‍ പ്രാര്‍ത്ഥനയും ഉച്ചഭാഷിണി ഉപയോഗവും നമസ്കാരവും തടയണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്’, അഖിലഭാരതീയ ഹിന്ദു ക്രാന്തി ദള്‍ ജനറല്‍ സെക്രട്ടറി രാജീവ് മിത്തല്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ