ന്യൂഡൽഹി: ഭൂട്ടാനിലെ 269 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പീഠഭൂമിയോട് ചേർന്ന റോഡ് നിർമ്മാണ വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായി. ന്യൂഡൽഹിയും ബീജിങ്ങും തമ്മിലുള്ള ബന്ധം 2013 ന് ശേഷം ഏറ്റവും വഷളായെന്ന് നയതന്ത്ര വിദഗദ്ധർ ഇതിനെ വിലയിരുത്തി.

ഭൂട്ടാനിലെ ചുംബി താഴ്വരയിൽ ഇന്ത്യൻ സൈന്യം ഭൂട്ടാൻ സായുധ സേനയെ പരിശീലിപ്പിക്കുന്നുണ്ട്. ഇവിടെ ചൈനീസ് അതിർത്തിയിൽ ഭൂട്ടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചിട്ടുമുണ്ട്. ഇതാണ് ദോക്ലാം പീഠഭൂമിയുടെ പേരിൽ ചൈനയുടെ രോഷത്തിന് കാരണമെന്നാണ് ഇന്ത്യൻ നയതന്ത്ര വൃത്തങ്ങൾ നൽകിയ മറുപടി. പീഠഭൂമിയുടെ അതിർത്തിയിലൂടെയുള്ള റോഡ് നിർമ്മാണത്തിൽ നിന്ന് പിന്മാറണമെന്ന്

ഭൂട്ടാൻ-ചൈന അതിർത്തിയിൽ ഇന്ത്യൻ സൈന്യവും ദീർഘകാലമായി ഉണ്ടെങ്കിലും സഖ്യരാഷ്ട്രത്തിന്റെ താത്പര്യത്തിന് അനുകൂലമായി, ഇവിടെ, ഇന്ത്യ ഇതുവരെ പ്രതിരോധ ഇടപെടൽ നടത്തിയിട്ടില്ല. ഇന്ത്യയുടെ വാദങ്ങൾക്ക് മുകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ചൈന, അതിർത്തി കടന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്ത്യൻ സൈനിക തലവൻ ബിപിൻ റാവത്ത് സിക്കിം സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നാതുല പാസ് തുറന്നുകൊടുത്ത് മാനസ സരോവരിലേക്ക് ഇന്ത്യൻ തീർത്ഥാടകരെ കടത്തിവിടുന്ന കാര്യം പരിഗണിക്കുന്നതിന് മുൻപ് ഇന്ത്യ തെറ്റുകൾ തിരുത്തണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നീതിപൂർവ്വമാണ് ഭൂട്ടാൻ അതിർത്തിയിൽ റോഡ് നിർമ്മാണം നടക്കുന്നതെന്നും ചൈനീസ് അതിർത്തിയ്ക്ക് അകത്താണ് നിർമ്മാണമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെയും ഭൂട്ടാന്റെയും സ്ഥലമല്ലെന്നും ഇക്കാര്യത്തിൽ ഇടപെടാൻ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം തർക്കത്തിന് കാരണമായിരിക്കുന്ന ദോക്ലാം പീഠഭൂമി ചൈനീസ് അതിർത്തിയിലെ ദോംഗ്‌ലാംഗ് ആണെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞിരിക്കുന്നത്. ഈ പ്രദേശം ചൈനീസ് അതിർത്തിയിലാണെന്നും ഇക്കാര്യം തർക്കത്തിനതീതമാണെന്നും ലു കാംഗ് പറഞ്ഞു.

“ചൈനയും ഭൂട്ടാനും തമ്മിലുള്ള അതിർത്തി തർക്കത്തിൽ ഇന്ത്യയെന്നല്ല മൂന്നാമതൊരു രാജ്യം ഇടെപെടേണ്ടതില്ല. ഭൂട്ടാൻ സ്വതന്ത്ര രാജ്യമാണെന്നും, ആ രാജ്യത്തിന്റെ പരമാധികാരം മാനിക്കപ്പെടേണ്ടതാണെ”ന്നും ലു കാംഗ് പറഞ്ഞു.

അതേസമയം തർക്ക വിഷയമായ റോഡ് നിർമ്മിച്ചുകൊണ്ടിരുന്ന ചൈനീസ് പട്ടാളത്തിന് നേരെ ഇന്ത്യ ആക്രമണം നടത്തിയെന്നും ഇതിൽ രണ്ട് ചൈനീസ് സൈനികർക്ക് പരിക്കേറ്റെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇങ്ങിനെ ആക്രമണം നടത്തിയെന്ന കാര്യം ഇന്ത്യൻ സൈന്യം തള്ളിക്കളഞ്ഞു.

ഇന്ത്യൻ സൈന്യം അതിർത്തി മറികടന്ന് ആക്രമണം നടത്തിയെന്ന് ആരോപിച്ച് സിക്കിം അതിർത്തി വിഷയത്തിൽ ചൈന കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ബീജിങ്ങിലും ന്യൂഡൽഹിയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണവും ചൈന നിർത്തിവച്ചിരുന്നു.

അതിർത്തിയിൽ പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് മാനസ സരോവരിലേക്കുള്ള ഇന്ത്യൻ തീർത്ഥാടകരുടെ നാതുല പാസ് വഴിയുള്ള പ്രവേശനം തടഞ്ഞതെന്നും ചൈന വ്യക്തമാക്കി. നയതന്ത്ര ഉപരോധം ഏർപ്പെടുത്തിയ കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാംഗ് അറിയിച്ചു.

ഇന്ത്യൻ സൈന്യത്തെ ഇവിടെ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഈ വിഷയത്തിൽ ഉടൻ അന്വേഷണം ആരംഭിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റൊരു വക്താവായ ഗെംഗ് ഷുവാംഗ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ