പാട്ന: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഭാരതരത്ന അർഹിക്കുന്നില്ലെന്ന് മുൻ രാജ്യസഭാ എംപിയും ആർജെഡി ദേശീയ ഉപാധ്യക്ഷനുമായ ശിവാനന്ദ് തിവാരി. കർഷക സമരവുമായി ബന്ധപ്പെട്ട് സച്ചിൻ നടത്തിയ പരാമർശം ശരിയായില്ലെന്നാണ് ശിവാനന്ദ് തിവാരിയുടെ നിലപാട്.
“ഗ്രാമങ്ങളിൽ ജീവിക്കുന്ന കർഷകർ ട്വിറ്ററിനെ കുറിച്ചോ ആ പ്ലാറ്റ്ഫോമിൽ എഴുതുന്ന കാര്യങ്ങളെ കുറിച്ചോ അറിയുന്നില്ല. ഏതാനും വിദേശ സെലിബ്രിറ്റികൾ കർഷക സമരത്തെ പിന്തുണച്ചതും സച്ചിൻ ഈ ചർച്ചയിലേക്ക് ചാടിവീണു. വിവിധ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡറാണ് സച്ചിൻ. അദ്ദേഹം ഭാരതരത്ന അംഗീകരിക്കുന്നില്ല. ധ്യാൻചന്ദിനെ പോലെയുള്ള താരങ്ങളാണ് അക്ഷരാർത്ഥത്തിൽ ഭാരതരത്ന അർഹിക്കുന്നത്,” ശിവാനന്ദ് തിവാരി പറഞ്ഞു.
ശിവാനന്ദ് തിവാരിക്കെതിരെ ബിജെപി രംഗത്തെത്തി. “സച്ചിനെ പോലൊരു ഇതിഹാസം ഭാരതരത്ന അർഹിക്കുന്നില്ലെന്നാണ് തിവാരി പറയുന്നത്. വേറെ ആരാണ് അർഹിക്കുന്നത് ? തിവാരി നല്ലൊരു മാനസികാരോഗ്യ വിദഗ്ധനെ കാണുകയാണ് വേണ്ടത്,” ബിജെപി വക്താവ് നിഖിൽ ആനന്ദ് പ്രതികരിച്ചു.
Read Also: ‘ചെത്തുകാരന്റെ മകനായതിൽ അഭിമാനം, ഞാൻ നയിക്കുന്ന ജീവിതം എന്താണെന്ന് നാടിനറിയാം’; പിണറായിയുടെ മറുപടി
‘ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യക്കറിയാം, മറ്റുള്ളവർ കാഴ്ചക്കാരായി നിന്നാൽ മതി’ എന്ന തരത്തിലുള്ള പരാമർശമാണ് സച്ചിൻ നടത്തിയത്. കർഷക സമരത്തെ പിന്തുണച്ച് പ്രശസ്ത പോപ് ഗായിക റിഹാന അടക്കമുള്ള വിദേശ സെലിബ്രിറ്റികൾ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണം. സച്ചിന്റെ പ്രസ്താവന വ്യാപകമായി വിമർശിക്കപ്പെട്ടു.
ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണം. “പുറത്തുനിന്നുള്ളവർക്ക് കാഴ്ചക്കാരായി നിൽക്കാം, ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യപ്പെട്ടു നിൽക്കാം” സച്ചിൻ ട്വീറ്റ് ചെയ്തു. #IndiaTogether, #IndiaAgainstPropaganda തുടങ്ങിയ ഹാഷ്ടാഗോടെയാണ് സച്ചിന്റെ ട്വീറ്റ്.