ന്യൂഡല്‍ഹി: രണ്ടാം തരംഗത്തില്‍ രാജ്യത്തിന്റെ കോവിഡ് സാഹചര്യം കൂടുതല്‍ ഭയപ്പെടുത്തിയതിന് പിന്നിലെ പ്രധാന കാരണം ഓക്സിജന്‍ ക്ഷാമം ആയിരുന്നു. ഇതിന്റെ ആഘാതം കണക്കിലെടുത്ത് ദ്രാവക മെഡിക്കല്‍ ഓക്സിജന്റെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പത്ത് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കര്‍മ പദ്ധതികള്‍ തയാറാക്കി നല്കി.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ആന്ധ്രാപ്രദേശ്, കേരളം, കർണാടക, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂണ്‍ 12 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 50 ശതമാനം കേസുകളും 41 ശതമാനം മരണവും പ്രസ്തുത സംസ്ഥാനങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്.
മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള മുന്‍കരുതലായാണ് പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് 8,944 മെട്രിക് ടണ്‍ ഓക്സിജനാണ് പ്രതിദിനം രാജ്യത്ത് വിതരണം ചെയ്തിരുന്നത്. നിലവിലിത് 2,500 മെട്രിക് ടണ്ണായി കുറഞ്ഞിട്ടുണ്ട്. മേയ് ഏഴാം തിയതിയാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്, 4.14 ലക്ഷം.
Also Read: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിൻ കൂടി
“സംസ്ഥാനങ്ങള്‍ അവരുടെ കര്‍മ പദ്ധതികള്‍ ഈ വാരമാണ് സമര്‍പ്പിച്ചത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പരിശോധിക്കും. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പദ്ധതികള്‍ വിശകലനം ചെയ്യും,” ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ലഭിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു.
ആദ്യ തരംഗത്തില്‍ ഒരു ദിവസം വിതരണം ചെയ്തിരുന്ന ഓക്സിജന്റെ ഉയര്‍ന്ന അളവ് 3,095 മെട്രിക് ടണ്ണായിരുന്നു. 2020 സെപ്തംബര്‍ 29-ാം തിയതിയാണ് ഈ നിരക്ക് രേഖപ്പെടുത്തിയത്. പിന്നീട് വിതരണത്തിന്റെ അളവ് കുത്തനെ കുറഞ്ഞ് 1,559 മെട്രിക് ടണ്ണിലെത്തി. രണ്ടാം തരംഗം ശക്തി പ്രാപിച്ചതോടെയാണ് സ്ഥിതി വഷളായത്.
മേയ് 18-ാം തിയതി 50,000 കോവിഡ് ബാധിതരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞത്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗികള്‍ 14,500 ന് മുകളിലാണ്. ഓക്സിജന്റെ സഹായത്തോടെ തുടര്‍ന്നത് 1.37 ലക്ഷം പേരും.