ഇൻഡോർ: ഇൻഡോറിൽ നാല്​ നില കെട്ടിടം തകർന്ന്​ വീണ്​ 10 പേർ മരിച്ചു. സർവാത ബസ്​ സ്​റ്റാൻഡിന്​ സമീപമുള്ള കെട്ടിടമാണ്​ തകർന്ന്​ വീണത്​. ശനിയാഴ്ച രാത്രി 9.30ഓടെ ഒരു കാര്‍ പാഞ്ഞുകയറി ഇടിച്ചാണ് കെട്ടിടം തകര്‍ന്നത്. ജനത്തിരക്ക് ഏറെയുളള പ്രദേശത്തെ കെട്ടിടം ഏറെ പഴക്കം ചെന്നതാണ്. കെട്ടിടത്തിന്റെ തൂണിലാണ് കാറിടിച്ചത്.

ചിലര്‍ ഇപ്പോഴും കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ്​ റിപ്പോർട്ട്​. ഒൻപത്​ പേരെ രക്ഷിച്ചു. ഏഴ്​ പേർക്ക്​ പരുക്കേറ്റതായും റിപ്പോർട്ടുണ്ട്​. സംഭവത്തെ തുടർന്ന്​ വൻ ജനക്കൂട്ടം തടിച്ച്​ കൂടിയത്​ രക്ഷാപ്രവർത്തനം ദുഷ്​കരമാക്കി. തുടർന്ന്​ പൊലീസെത്തി ജനങ്ങളെ നിയന്ത്രിച്ച ശേഷമാണ്​ രക്ഷാപ്രവർത്തനം ഫലപ്രദമായി നടത്താനായത്​. അപകടസമയത്ത്​ 20 പേർ കെട്ടിടത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ