മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പ തട്ടിപ്പിലെ മുഖ്യ പ്രതികളിലൊരാളായ മെഹുൽ ചോക്സിക്ക് വിദേശ പൗരത്വം ലഭിച്ചത് പത്ത് മാസം മുൻപ്. വിവിധ അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് മുഖവിലയ്ക്ക് എടുക്കാതെയാണ് മുംബൈ പാസ്പോർട്ട് ഓഫീസും മുംബൈ സ്റ്റോക് എക്‌സ്ചേഞ്ചും പ്രതിക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകിയത്.
വായ്‌പ തട്ടിപ്പ് പുറത്തുവന്നതിന് പത്ത് മാസം മുൻപാണ് മെഹുൽ ചോക്‌സിക്ക് ആന്റിഗ്വ ആന്റ് ബാർബുഡ എന്ന രാജ്യത്തേക്ക് പോകാൻ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അനുവദിച്ചത്. 2017 മാർച്ച് മാസത്തിലായിരുന്നു ഇത്.
മുംബൈ പാസ്പോർട്ട് ഓഫീസ്, മെഹുൽ ചോക്‌സിയുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയത് 2017 മാർച്ച് 16 നാണ്. മെഹുൽ ചോക്‌സി സമർപ്പിച്ച പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ആധാരമാക്കിയാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പാസ്പോർട്ട് ഓഫീസ് അനുവദിച്ചത്.
മെഹുൽ ചോക്സി വിദേശ പൗരത്വത്തിന് അപേക്ഷിച്ചിരുന്നുവെന്ന കാര്യം വിദേശകാര്യ മന്ത്രാലയത്തിന് അറിവുണ്ടായിട്ടും ഇക്കാര്യം പിഎൻബി വായ്‌പ തട്ടിപ്പ് അന്വേഷിക്കുന്ന സംഘം അറിഞ്ഞത് ഈ വർഷം ജൂലൈ 23 ന് മാത്രമാണ്. അമേരിക്കയിലെത്തിയ ചോക്‌സി ആന്റിഗ്വൻ പാസ്പോർട്ട് ഉപയോഗിച്ചാണ് പുറത്തേക്ക് കടന്നതെന്ന് അമേരിക്കൻ ഏജൻസികൾ സിബിഐക്ക് നൽകിയ വിശദീകരണത്തിൽ നിന്നാണ് ഇക്കാര്യം ഇന്ത്യൻ ഏജൻസികൾ മനസിലാക്കിയത്.
ഇന്ത്യയ്ക്ക് അകത്തും പുറത്തും മെഹുൽ ചോക്‌സിയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിയാണ് ഇദ്ദേഹത്തിന് പൗരത്വം നൽകിയതെന്നാണ് ആന്റിഗ്വ പൗരത്വം ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ വകുപ്പുകൾ മെഹുൽ ചോക്സിയുടെ പൗരത്വ അപേക്ഷയ്ക്കാവശ്യമായ എല്ലാ രേഖകളും സമ്മാനിച്ചതായാണ് വ്യക്തമായിരിക്കുന്നത്.
പസഫിക് സമുദ്രത്തിൽ തെക്കേ അമേരിക്കയുടെ വടക്കുകിഴക്കൻ ഭാഗത്തായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 2018 ജനുവരിയിലാണ് മെഹുൽ ചോക്സിക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്യുന്നത്. 2017 ൽ ഇയാൾക്കെതിരെ കേസ് ഇല്ലായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകിയ വിശദീകരണം.