ഹൈദരാബാദ്: സംവിധായകനും നടനും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതായി തെലുങ്ക് നടിയുടെ പരാതി. തെലുങ്ക് സംവിധായകൻ ചലപതിക്കും നടൻ ശ്രുജനുമെതിരെയാണ് വിജയവാഡയിലെ പട്ടമാതാ പൊലീസ് സ്റ്റേഷനിൽ നടി പരാതി നൽകിയത്. സിനിമാ ഷൂട്ടിങ്ങിനാണെന്നു പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി.

ഭീമാവരത്ത് ഷൂട്ടിങ് ഉണ്ടെന്ന് പറഞ്ഞാണ് തന്നെ കൂട്ടിക്കൊണ്ട് പോയതെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. ഷൂട്ടിങ് സ്ഥലത്തേക്ക് ട്രെയിനിൽ പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ സംവിധായകനും നടനും കാറിൽ പോകാമെന്നു നിർബന്ധിച്ചു. വിജയവാഡയിൽ എത്തിയതുമുതൽ ഇരുവരും മോശമായി പെരുമാറാൻ തുടങ്ങി. എതിർത്തപ്പോൾ മർദിച്ചു. അതിനുശേഷം കാറിന്റെ പിൻസീറ്റിലേക്ക് വലിച്ചിട്ടു. കാറിൽനിന്നും പുറത്തുചാടാതിരിക്കാൻ വളരെ വേഗത്തിലാണ് കാർ ഓടിച്ചത്. പക്ഷേ ഇതിനിടയിൽ കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചു. ഒരു വിധം കാറിൽനിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നുവെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെടരുതെന്ന് സംവിധായകനും നടനും തന്നോട് അഭ്യർഥിച്ചതായും നടി പറഞ്ഞു. മാധ്യമങ്ങളോടോ പൊലീസിനോടോ പറഞ്ഞാൽ എന്റെ കരിയർ നശിപ്പിക്കുമെന്നും ഇനിയൊരു സിനിമയിൽ അവസരം ലഭിക്കില്ലെന്നും ഭീഷണിപ്പെടുത്തി. തനിക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ഉളളതുകൊണ്ടാണ് പരാതി നൽകിയതെന്നും നടി പറഞ്ഞു. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook