ഹൈദരാബാദ്: പ്രണയം തകർന്നതിന്റെ വിഷമത്തിൽ തെലുങ്ക് സീരിയൽ നടി ആത്മഹത്യ ചെയ്തു. 21 കാരിയായ നാഗ ജാൻസിയാണ് അപ്പാർട്മെന്റിൽ തൂങ്ങി മരിച്ചത്. മാ ടിവിയിലെ ‘പവിത്ര ബന്ധൻ’ എന്ന സീരിയലിലൂടെയാണ് ജാൻസി പ്രശസ്തയായത്. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറു മാസമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു ജാൻസിയെന്നും അടുത്തിടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞതായും പൊലീസ് വ്യക്തമാക്കി. പ്രണയം തകർന്നതോടെ ജാൻസി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. മരണത്തിനു തൊട്ടു മുൻപായി ഒരാളുമായി ജാൻസി ചാറ്റ് ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ജാൻസിയുടെ മൊബൈൽ പൊലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം, ജാൻസിക്ക് പ്രണയമുണ്ടായിരുന്നതായി അറിയില്ലെന്ന് സഹോദരൻ പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ജാൻസി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഷൂട്ടിങ്ങിന് പോകാറില്ലായിരുന്നുവെന്നും സഹോദരൻ പൊലീസിനോട് പറഞ്ഞു. ജാൻസിയുടെ അപ്പാർട്മെന്റിൽനിന്നും ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. ജാൻസിയുടെ മൊബൈലിൽ വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിക്കുകയാണെന്നും ഇതിൽനിന്നും എന്തെങ്കിലും വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook