ഹൈദരാബാദ്: മോഷണം നടത്തിയെന്ന ഭാര്യയുടെ പരാതിയിൽ തെലുങ്ക് നടൻ സാംറത് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ നശിപ്പിക്കുകയും 2 ലക്ഷത്തോളം വിലവരുന്ന സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തുവെന്നാണ് നടനെതിരെ ഭാര്യ നൽകിയിരിക്കുന്ന പരാതി. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് നടനെതിരെ കഴിഞ്ഞ വർഷം ഭാര്യ പരാതി നൽകിയിരുന്നു. ഈ കേസിൽ കോടതി സാംറതിന് ജാമ്യം അനുവദിച്ചിരുന്നു.

2015 ലായിരുന്നു സാംറ റെഡ്ഡിയും ഹരിതയും തമ്മിലുളള വിവാഹം നടന്നത്. വിവാഹത്തിനുപിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ സാംറ ഭാര്യയെ ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെ സാംറതുമായി അകന്നു കഴിയുകയായിരുന്നു ഹരിത.

മാതൃ വീട്ടിൽ പോയ ഹരിത മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ വാതിൽ തകർന്ന നിലയിൽ കണ്ടത്. സിസിടിവി ക്യാമറ നശിപ്പിക്കുകയും വീടിനകത്തുണ്ടായിരുന്ന സാധനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. മാത്രമല്ല ആഭരണങ്ങൾ അടക്കം വിലപിടിപ്പുളള സാധനങ്ങൾ മോഷണം പോയിരുന്നു. തുടർന്നാണ് ഹരിത ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്.

ജനുവരി 25നാണ് സാംറതിനെതിരെ ഭാര്യ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മദാപൂർ പൊലീസ് കേസെടുക്കുകയും നടനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

രാജ് തരുൺ നായകനായ കിട്ടു ഉന്നഡു ജാഗ്രത എന്ന ചിത്രത്തിലാണ് സാംറത് റെഡ്ഡി അവസാനമായി അഭിനയിച്ചത്. പഞ്ചാക്ഷരി സിനിമയിൽ സാംറത് ചെയ്ത അനുഷ്ക ഷെട്ടിയുടെ ഭർത്താവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook