/indian-express-malayalam/media/media_files/cQLuT6ADOlGv2mLEVQOG.jpg)
ഫൊട്ടോ കടപാട്: X
തെലങ്കാനയുടെ മൂന്നാം നിയമസഭ പല നിലകളിൽ ചരിത്രമെഴുതുകയാണ്. ബി ആർ എസ്സിനെ തോൽപ്പിച്ച് അധികാരലെത്തിയ കോൺഗ്രസ് അവിഭക്ത ആന്ധ്രപ്രദേശും തെലുങ്കാനയും നൽകിയാ പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുകയാണെന്ന ധാരണയാണ് തുടക്കത്തിൽ തന്നെ നൽകുന്നത്.
എ ബി വിപിയിൽ തുടങ്ങി, തെലുങ്കുദേശം വഴി കോൺഗ്രസിലെത്തിയ രേവന്ത് റെഡ്ഢിയാണ് ഇപ്പോൾ തെലങ്കാനയിലെ കോൺഗ്രസിലെ തിളങ്ങുന്ന താരം. ലോകസഭയിൽ ബി ജെ പി നേതാക്കളെ വിറളിപിടിപ്പിച്ച രേവന്ത് റെഡ്ഢി തെലങ്കാനയിൽ ചന്ദ്രശേഖരറാവുവിന് മുന്നിൽ ഉയർത്തിയ വെല്ലുവിളി നിസാരമായിരുന്നില്ല. രാഷ്ട്രീയത്തിനപ്പുറത്തേക്ക് കടന്നുപോയി പലപ്പോഴും അവർ തമ്മിലുള്ള ഏറ്റുമുട്ടൽ. രേവന്ത് റെഡ്ഢിക്കെതിരെ ചന്ദ്രശേഖർ റാവു എടുത്ത സമീപനങ്ങൾ തെലങ്കാനയിൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.
കോൺഗ്രസ് അധികാരത്തിലെ പടി ചവിട്ടുമെന്ന് ഉറപ്പായപ്പോൾ തന്നെ ടി പി സി സി പ്രസിഡന്റായ രേവന്ത് തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എന്നാലും ഉത്തംകുമാർ റെഡ്ഢി ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ എതിർപ്പും രോഷവും മുഷിച്ചിലുമൊക്കെ മാറ്റുന്നതിന് ഹൈക്കമാൻഡ് പരിഗണന നൽകി. സ്ഥിരം രീതിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം ഹൈക്കമാൻഡിന് നൽകി, ഹൈക്കമാൻഡ് രേവന്ത് റെഡ്ഢിയെ തന്നെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയും ചെയ്തു. അങ്ങനെയൊരു നീക്കത്തിനൊപ്പം മറ്റൊരു ചരിത്രം കൂടി കോൺഗ്രസ് എഴുതി ചേർത്തു. തെലങ്കാനയിലെ ആദ്യ ദലിത് ഉപമുഖ്യമന്ത്രിയെ നിയോഗിച്ചു. മല്ലു ഭട്ടി വിക്രമാർക്കയാണ് പുതിയ ഉപമുഖ്യമന്ത്രി.
ആരാണ് മല്ലു ഭട്ടി വിക്രമാർക്ക
മല്ലു ഭട്ടി വികാരമർക ഖമ്മം ജില്ലയിലെ മധീര (എസ്‌സി) മണ്ഡലത്തിൽ നിന്നാണ് തുടർച്ചയായ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്. മാല സമുദായത്തിൽപ്പെട്ട മല്ലു ഭട്ടി വിക്രമാർക്ക തെലങ്കാന കോൺഗ്രസിലെ അനിഷേധ്യനായ നേതാക്കളിലൊരാളാണ് നിലവിലുണ്ടായിരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി (സിഎൽപി) നേതാവായിരുന്നു അദ്ദേഹം. ഈ കാലയളവിൽ, അദ്ദേഹം നടത്തിയ പദയാത്ര ഏറെ ശ്രദ്ധയാകർഷിച്ചു. 36 നിയോജക മണ്ഡലങ്ങളിലായി 1,400 കിലോമീറ്ററിലധികം ഈ പദയാത്രയിൽ അദ്ദേഹം സഞ്ചരിച്ചു.
സംസ്ഥാനത്ത് കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് അടിത്തറയിട്ടതിൽ ആ പദയാത്ര പ്രധാന പങ്ക് വഹിച്ചു.1990 മുതൽ 1992 വരെ ആന്ധ്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന വിക്രമാർക 2009-ൽ മധീരയിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി വിജയിച്ചു. 2014, 2018, 2023 തുടങ്ങി തുടർച്ചയായി അദ്ദേഹം ആ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
മല്ലു ഭട്ടി വിക്രമാർകയ്ക്ക് പുറമെ, ഉത്തം കുമാർ റെഡ്ഡി, വെങ്കട്ട് റെഡ്ഡി, പൊന്നം പ്രഭാകർ, ഡി ശ്രീധർ ബാബു, ദാമോദർ രാജ നരസിംഹ തുടങ്ങിയ നേതാക്കളും കൊണ്ടാ സുരേഖ, ദൻസാരി അനസൂയ എന്നീ രണ്ട് വനിതാ നേതാക്കളും മന്ത്രിസഭയിലുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കൂടാതെ മൂന്ന് റെഡ്ഡിമാരാണ് മന്ത്രിസഭയിലുള്ളത് ഉത്തം കുമാർ റെഡ്ഡി, വെങ്കട്ട് റെഡ്ഡി, പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി.
പൊന്നം പ്രഭാകറും കൊണ്ട സുരേഖയുമാണ് മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) മുഖങ്ങൾ. ഉപമുഖ്യമന്ത്രി മല്ലുവിക്രമാർക്കയെ കൂടാതെയുള്ള ദലിത് മുഖങ്ങൾ ദൻസാരി അനസൂയ (എസ്‌ടി), ദാമോദർ രാജ നരസിംഹ (എസ്‌സി) എന്നിവരാണ്.ശ്രീധർ ബാബു ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള പ്രതിനിധി, നാഗേശ്വര റാവു ഏക കമ്മ മുഖമാണ്, കൃഷ്ണ റാവു വേലമ സമുദായത്തിൽ നിന്നുള്ളയാളാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.