ഹൈദരാബാദ്: തെലങ്കാനയിൽ കഴിഞ്ഞ ദിവസം കാണാതായ ബഹുജൻ ലെഫ്റ്റ് ഫ്രണ്ടിന്റെ സ്ഥാനാർത്ഥി ചന്ദ്രമുഖി മുവ്വല പൊലീസ് സ്റ്റേഷനിൽ ഹാജരായി. സിപിഎം നേത്യത്വം നൽകുന്ന ബഹുജൻ ലെഫ്റ്റ് ഫ്രണ്ടിന്റെ ഗോഷാമൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ചന്ദ്രമുഖി തെലങ്കാന തിരഞ്ഞടുപ്പിൽ മത്സരിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഏക സ്ഥാനാർത്ഥിയാണ്.
ചൊവാഴ്ച രാവിലെയാണ് ചന്ദ്രമുഖിയെ കാണാതായത്. ബുധനാഴ്ച രാത്രി ബഞ്ചാര ഹിൽ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനും, ട്രാൻസ്ജെൻഡർ ആക്‌ടിവിസ്റ്റുകൾക്കും ഒപ്പമാണ് ചന്ദ്രമുഖി എത്തിയത്. എവിടെയായിരുന്നു എന്ന പൊലീസിന്റെ ചോദ്യത്തിന് കോടതിയിൽ മാത്രമേ അത് വെളിപ്പെടുത്തൂ എന്നാണ് ചന്ദ്രമുഖി പ്രതികരിച്ചത്.
ചന്ദ്രമുഖിയെ കാണാതായെന്ന് ചൂണ്ടിക്കാണിച്ച് അമ്മ ആനന്ദമ്മ സമർപ്പിച്ച പരാതിയിൽ കോടതി ഹേബിയസ് കോർപസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്ന് ചന്ദ്രമുഖിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു .
ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് പ്രവർത്തകർ പറയുന്നത് രണ്ടു പേർ ചന്ദ്രമുഖിയെ കാണാൻ എത്തിയിരുന്നു. അതിന് ശേഷം ചന്ദ്രമുഖിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നെന്നാണ്. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുഖം മറച്ച ശേഷം ചന്ദ്രമുഖി നടന്ന് പോകുന്നത് കണ്ടെത്തിയിരുന്നു.
ചന്ദ്രമുഖിയുടെ തിരോധാനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് #whereischandramukhi #bringbackchandramukhi തുടങ്ങിയ ഹാഷ്‌ടാഗുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. തിരോധാനത്തിന് പിന്നിൽ എതിർ സ്ഥാനാർത്ഥികളാണെന്ന് ബഹുജൻ ലെഫ്റ്റ് ഫ്രണ്ടും, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകളും ആരോപിച്ചിരുന്നു. ചന്ദ്രമുഖിയുടെ തിരോധാനം അന്വേഷിക്കാൻ പൊലീസ് പത്തംഗ സംഘത്തെ നിയോഗിച്ചിരുന്നു.
വിദ്വേഷ പ്രസംഗ വിവാദത്തിലൂടെ ശ്രദ്ധ നേടിയ ബിജെപി നേതാവ് രാജ സിങ്ങും, കോൺഗ്രസിന്റെ മുകേഷ് ഗൗഡിനെതിരെയാണ് ചന്ദ്രമുഖിയുടെ എതിർ സ്ഥാനാർത്ഥികൾ.