ഹൈദരാബാദ്: തെലങ്കാനയില്‍ ഇതര ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് 20കാരിയെ വീട്ടുകാര്‍ ജീവനോടെ കത്തിച്ചതായി പൊലീസ്. മഞ്ചേരിയല്‍ ജില്ലയിലെ കലമഡു ഗ്രാമത്തിലാണ് പി.അനുരാധ എന്ന യുവതിയെ, ബന്ധുക്കളുടെ സഹായത്തോടെ മാതാപിതാക്കള്‍ തീകൊളുത്തി കൊലപ്പെടുത്തുകയും, പിന്നീട് കത്തിക്കരിഞ്ഞ ശരീരം പുഴയില്‍ ഒഴുക്കി കളയുകയും ചെയ്തത്.
ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. എന്നാല്‍ ഞായറാഴ്ചയാണ് കാര്യങ്ങള്‍ പുറം ലോകം അറിയുന്നത്. അനുരാധയുടെ ഭര്‍ത്താവ് എ.ലക്ഷ്മണയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
കലമഡു ഗ്രാമത്തിലെ താമസക്കാരായ ലക്ഷ്മണയും അനുരാധയും പ്രണയത്തിലായിരുന്നു. ഇക്കാര്യം അനുരാധയുടെ വീട്ടുകാര്‍ അറിയുകയും ഇവരുടെ ബന്ധത്തെ എതിര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചു. ഡിസംബര്‍ മൂന്നിന് ഹൈദരാബാദിലെ ആര്യ സമാജ് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
പിന്നീട് 20 ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. ഇതറിഞ്ഞ അനുരാധയുടെ മാതാപിതാക്കളും ബന്ധുക്കളും ലക്ഷ്മണയുടെ വീട് ആക്രമിക്കുകയും അനുരാധയെ ബലപ്രയോഗത്തിലൂടെ വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തു. മാതാപിതാക്കള്‍ അനുരാധയെ നിര്‍മല്‍ ജില്ലയിലെ മല്ലാപൂര്‍ ഗ്രാമത്തില്‍ കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. കത്തിച്ചതിന് ശേഷം തെളിവ് നശിപ്പിക്കാന്‍ ചാരം നദിയില്‍ ഒഴുക്കുകയായിരുന്നു.