ഹൈദരാബാദ്: ആരും അറിയാതെ പോകുമായിരുന്ന ക്രൂരമായ കൊലപാതകം തെളിഞ്ഞത് മട്ടൺ സൂപ്പിനാൽ. ഹൈദരാബാദിലാണ് പൊലീസിനെ പോലും ഞെട്ടിച്ചുകൊണ്ടുളള കൊലപാതകം നടന്നത്. കാമുകനൊപ്പം ജീവിക്കാൻ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.

27 കാരിയായ സ്വാതി നഗർകുർനൂളിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്. 3 വർഷങ്ങൾക്കു മുൻപായിരുന്നു സ്വാതിയും സുധാകർ റെഡ്ഡിയും തമ്മിലുളള വിവാഹം നടന്നത്. ഇവർക്ക് രണ്ടു മക്കളുമുണ്ട്. സ്വാതിക്ക് ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റായ രാജേഷ് എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇയാൾക്കൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ നവംബർ 27 ന് ഇരുവരും ചേർന്ന് റെഡ്ഡിക്ക് അനസ്തീഷ്യ നൽകി. റെഡ്ഡി ബോധരഹിതനായപ്പോൾ തലയ്ക്കടിച്ചു കൊന്നു. മൃതദേഹം വനത്തിനുളളിൽ കൊണ്ടുപോയി കത്തിച്ചുകളഞ്ഞു. അതിനുശേഷം കാമുകൻ രാജേഷിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും ബന്ധുക്കളോട് ഭർത്താവ് റെഡ്ഡിയെ അജ്ഞാതരായ ഒരു സംഘം ആക്രമിച്ച് ആസിഡ് ഒഴിക്കുകയും ചെയ്തതായി സ്വാതി പറഞ്ഞു. രാജേഷിനെ പ്ലാസ്റ്റിക് സർജറിയിലൂടെ റെഡ്ഡിയാക്കുകയായിരുന്നു സ്വാതിയുടെ ലക്ഷ്യം. ചികിൽസയ്ക്കായി രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ആശുപത്രിയിൽ പൊളളലേറ്റ് ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് മട്ടൺ സൂപ്പ് നൽകിയപ്പോൾ രാജേഷ് കഴിക്കാൻ വിസമ്മതിച്ചു. ഇതാണ് ബന്ധുക്കളെ സംശയത്തിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. സ്വാതിയുടെ ഭർത്താവ് നോൺ വെജിറ്റേറിയനാണെന്ന് ബന്ധുക്കൾ ആശുപത്രി ജീവനക്കാരോട് പറഞ്ഞു. ഇതിനുപിന്നാലെ രാജേഷിന്റെ പ്രവൃത്തികളിൽ സംശയം തോന്നിയ ബന്ധുക്കൾ തങ്ങളാരൊക്കെയാണെന്ന് പറയാൻ രാജേഷിനോട് ആവശ്യപ്പെട്ടു. എന്നാൽ രാജേഷ് സംസാരിക്കാതെ കൈകൾ കൊണ്ട് ആംഗ്യങ്ങൾ കാണിക്കാൻ തുടങ്ങി. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചു. സ്വാതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കാമുകൻ രാജേഷിന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ വിവരം പുറത്തായത്.

സ്വാതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2014 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിൽ നിന്നും പ്രചോദനം കൊണ്ടാണ് സ്വാതി കാമുകനെ പ്ലാസ്റ്റിക് സർജറിയിലൂടെ ഭർത്താവ് റെഡ്ഡിയാക്കി മാറ്റാൻ കഴിയുമെന്ന് കരുതിയത്. ചികിൽസയ്ക്കുശേഷം ആശുപത്രിയിൽ കഴിയുന്ന രാജേഷിനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ