scorecardresearch
Latest News

ലോക്ക്ഡൗണിൽ മകനെ കൂട്ടാൻ 1,400 കിലോമീറ്റർ സ്‌കൂട്ടർ ഓടിച്ചു; ഇന്ന് ആ മകൻ യുക്രൈനിൽ നിന്നെത്താൻ കാത്തിരിപ്പ്

എനിക്കെന്തായാലും യുക്രൈനിൽ പോയി അവനെ തിരികെ കൊണ്ടുവരാൻ കഴിയില്ല, അല്ലേ?” റസിയ ബീഗം പറഞ്ഞു

ലോക്ക്ഡൗണിൽ മകനെ കൂട്ടാൻ 1,400 കിലോമീറ്റർ സ്‌കൂട്ടർ ഓടിച്ചു; ഇന്ന് ആ മകൻ യുക്രൈനിൽ നിന്നെത്താൻ കാത്തിരിപ്പ്

തെലങ്കാന: 2020 ഏപ്രിലിൽ, രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, ആന്ധ്രാപ്രദേശിലെ സുഹൃത്തിന്റെ വീട്ടിൽ കുടുങ്ങിയ മകനെ തിരികെ കൊണ്ടുവരാൻ 1,400 കിലോമീറ്ററിലധികം സ്‌കൂട്ടറിൽ പോയ റസിയ ബീഗം ശ്രദ്ധനേടിയിരുന്നു. ഇന്ന് രണ്ട് വർഷങ്ങൾക്കിപ്പുറം, യുദ്ധത്തിൽ തകർന്ന യുക്രൈനിൽ കുടുങ്ങിയ മകൻ തനിക്കൊപ്പം വീട്ടിലുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ് ആ അമ്മ.

“എന്റെ മകൻ വളരെ ധൈര്യശാലിയാണ്. അവൻ ഇപ്പോഴും വിഷമിക്കണ്ട, ജീവനോടെ വീട്ടിൽ വരുമെന്നാണ് എന്നോട് പറയുന്നത്. (യുദ്ധത്തിന്റെ) വാർത്തകൾ ഞാൻ കാണരുതെന്ന് എന്നാണ് അവന്റെ ആഗ്രഹം. എനിക്കത് താങ്ങാനാവില്ലെന്നാണ് അവന്റെ പേടി. ‘ഞാനാണ് നിങ്ങളുടെ വാർത്ത. ഞാൻ സുരക്ഷിതനാണ്. ഞാൻ കോണ്ടാക്ടിൽ ഉണ്ടാകും.’ മകൻ ഇങ്ങനെയാണ് പറയുന്നത്” ബീഗം പറഞ്ഞു. ഒരാഴ്‌ചയിലധികമായി, തന്റെ മകനെ ഒരു നോക്ക് കാണാനും അവന്റെ വിശേഷം അറിയാനും ഓരോ മിനിറ്റും കാത്തിരിക്കുകയാണ് അവർ.

സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ മുഹമ്മദ് നിസാമുദ്ദീൻ അമൻ (21) യുക്രൈനിൽ കുടുങ്ങിയ ആയിരത്തോളം വിദ്യാർത്ഥികൾക്കൊപ്പം രക്ഷാപ്രവർത്തനത്തിനായി കാത്തിരിക്കുകയാണ്. കോളേജിലെ മറ്റ് 800 വിദ്യാർത്ഥികൾക്കൊപ്പം ഹോസ്റ്റൽ ബങ്കറിലാണ് അമൻ കഴിയുന്നത്. ഭക്ഷണവും വെള്ളവും വൈദ്യതിയും ഇന്റർനെറ്റ് ലഭ്യതയും കുറഞ്ഞു വരുന്ന സാഹചര്യമാണ് ഇവിടെ. ഓരോ തവണ ഉമ്മയുമായി വീഡിയോ കോളിൽ സംസാരിക്കുമ്പോൾ പുഞ്ചിരിക്കുന്ന മുഖവുമായി എത്തുന്ന അമൻ, 50 വയസായ റസിയയോട് പേടിക്കേണ്ടെന്നും ദൈവത്തിൽ വിശ്വസിക്കൂ എന്നുമാണ് പറയുന്നത്.

“അവൻ ഓൺലൈൻ ഉണ്ടോ വിളിച്ചാൽ കിട്ടുമോ എന്നൊക്കെ ഞാൻ എപ്പോഴും നോക്കികൊണ്ടിരിക്കും, വീട്ടിലിരുന്ന് പ്രാർത്ഥിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാൻ കഴിയും? എനിക്കെന്തായാലും യുക്രൈനിൽ പോയി അവനെ തിരികെ കൊണ്ടുവരാൻ കഴിയില്ല, അല്ലേ?” തെലങ്കാനയിലെ ബോധൻ എന്നിടത് സ്‌കൂളിലെ പ്രധാനാധ്യാപികയായ റസിയ ബീഗം പറഞ്ഞു.

രണ്ട് വർഷം മുമ്പ്, കോവിഡ് മഹാമാരിയുടെ ആദ്യ തരംഗത്തിനിടയിൽ അമനെ സുരക്ഷിതമായി വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ തന്റെ ഗ്രാമത്തിൽ നിന്ന് അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശിലെ നെല്ലൂരിലേക്ക് ഒറ്റയ്ക്ക് സ്കൂട്ടറിൽ യാത്ര ചെയ്ത് ബീഗം എല്ലാവരേയും അതിശയിപ്പിച്ചിരുന്നു.

Also Read: Ukraine Russia War News: വെടിനിർത്തൽ കഴിഞ്ഞു; ആക്രമണം വ്യാപകമാക്കി റഷ്യൻ സേന

തൽക്കാലം മകനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അവർ സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. നിസാമാബാദ് ജില്ലാ കളക്ടർ അവരുമായി സംസാരിക്കുകയും എല്ലാ വിവരങ്ങളും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്, പ്രാദേശിക എംഎൽസി കൽവകുന്തള കവിത എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുടെന്നും അവർ പറയുന്നു.

ശനിയാഴ്ച രാവിലെയും വെള്ളിയാഴ്ച രാത്രിയും അമൻ ഉമ്മയെ വിളിച്ചിരുന്നു. “സ്ഥിതി വളരെ മോശമാണ്. പുറത്ത് ബോംബാക്രമണവും ഷെല്ലാക്രമണവും നടക്കുന്നുണ്ട്. അവരുടെ കയ്യിലുള്ള ഭക്ഷണം ഉപയോഗിച്ച് അഡ്ജസ്റ്റ് ചെയ്യുന്നു, പക്ഷേ അത് മറ്റൊരു ദിവസത്തേക്ക് കൂടു ഉണ്ടാവില്ല. ആവശ്യത്തിന് കുടിവെള്ളമില്ല. വൈദ്യുതിയും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും കുറവാണ്,” ബീഗം തന്റെ മകനുമായി അവസാനം സംസാരിച്ച കാര്യങ്ങൾ ഓർത്തു.

10 ദിവസമായി ഇങ്ങനെ, തങ്ങളുടെ ക്ഷമ നശിച്ചുവെന്നും ഒഴിപ്പിക്കലിനായി കാത്തിരിക്കാതെ അതിർത്തിയിലേക്ക് നടക്കാൻ ഒരുങ്ങുകയാണെന്നും ത്രിവർണ്ണ പതാകയുമായി സുമിയിലെ ഒരു സംഘം വിദ്യാർത്ഥികൾ പറയുന്ന വീഡിയോ വൈറലായിരുന്നു. ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി മരിയുപോൾ, വോൾനോവക നഗരങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്. മരിയുപോളും സുമിയും തമ്മിലുള്ള ദൂരം 600 കിലോമീറ്ററിൽ കൂടുതലാണ്, ജീവൻ പണയപ്പെടുത്താനും തങ്ങൾ തയ്യാറാണെന്ന് ഒരു വിദ്യാർത്ഥി പറയുന്നത് വീഡിയോയിൽ കേൾക്കാം.

എന്നാൽ മകൻ ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന് ബീഗം പറഞ്ഞു. “ഒരു അമ്മയെന്ന നിലയിൽ എനിക്ക് അവന്റെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ. എനിക്ക് കഴിയുന്നിടത്ത് നിന്ന് ഞാൻ അവനെ തിരികെ കൊണ്ടുവന്നു. അവൻ ഫോണിൽ ഓൺലൈനിൽ വരുന്നതുവരെ കാത്തിരിക്കുക മാത്രമാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്.”

ബന്ധുവിന്റെ നിർദേശപ്രകാരമാണ് അമനെ എംബിബിഎസിനായി യു ക്രൈനിലേക്ക് അയക്കാൻ അമ്മ തീരുമാനിച്ചത്. ആദ്യം ഡിഗ്രി കോളേജിൽ അഡ്മിഷൻ കിട്ടിയെങ്കിലും മെഡിസിൻ തന്നെ വേണമെന്ന നിലപാടിൽ അവൻ ഉറച്ചു നിന്നു. “ഇവിടെ എംബിബിഎസ് ചെയ്യുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ, വിദേശത്ത് ഇത് ലാഭകരമാണ്. കൂടാതെ നമ്മുടെ നാട്ടിൽ നിന്ന് നൂറുകണക്കിന് ആളുകൾ അവിടെ പഠിക്കുന്നുണ്ട്. ഇതൊരു നല്ല അവസരമാണെന്ന് ഞങ്ങൾ കരുതി, എന്റെ മകൻ പോയി അഞ്ച് മാസത്തിന് ശേഷം രാജ്യം ഒരു യുദ്ധത്തെ അഭിമുഖീകരിക്കുമെന്ന് ആര് കണ്ടു,” ബീഗം വിഷമത്തോടെ പറഞ്ഞു. തൽക്കാലം അമന്റെ ചിരിക്കുന്ന മുഖമാണ് ഈ അമ്മയുടെ ധൈര്യം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Telangana woman rescue son lockdown ukraine return