ജയ്‌പൂർ/ഹൈദരാബാദ്: ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന രാജസ്ഥാനിലും തെലങ്കാനയിലും കനത്ത പോളിങ്. വോട്ടെടുപ്പ് അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മൂന്ന് മണി വരെ രേഖപ്പെടുത്തിയ പോളിങിന്റെ കണക്ക് പുറത്തുവന്നു.

രാജസ്ഥാനിൽ 60 % പോളിങ് രേഖപ്പെടുത്തി. തെലങ്കാനയിൽ 56.17% പോളിങാണ് രേഖപ്പെടുത്തിയത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉച്ചയ്ക്ക് ശേഷമാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. രാജസ്ഥാനിൽ കോൺഗ്രസിന്റെ ഏറ്റവും ജനകീയ മുഖമായ സച്ചിൻ പൈലറ്റും ഉച്ചയ്ക്ക് ശേഷമാണ് വോട്ട്  രേഖപ്പെടുത്തിയത്.

തെലങ്കാനയിൽ കൽവർകുർത്തി മണ്ഡലത്തിൽ നിന്നുളള കോൺഗ്രസ് സ്ഥാനാർത്ഥി ചല്ല വംശി ചന്ദ് റെഡ്ഡിക്ക് നേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ വോട്ടർ ലിസ്റ്റിൽ തന്റെ പേരില്ലെന്ന ആരോപണവുമായി ബാഡ്മിന്റൺ താരം ജ്വാല ഗുട്ട രംഗത്തുവന്നു. ഓൺലൈൻ പരിശോധിച്ചപ്പോൾ വോട്ടർ ലിസ്റ്റിൽ തന്റെ പേരില്ല. ഇതെന്നെ ശരിക്കും അതിശയപ്പെടുത്തി. വോട്ടർ ലിസ്റ്റിൽനിന്നും പേരുകൾ അപ്രത്യക്ഷമായി. ഈ തിരഞ്ഞെടുപ്പ് സത്യസന്ധമെന്ന് എങ്ങനെയാണ് പറയാനാകുകയെന്നും ജ്വാല ടീറ്റ് ചെയ്തു. ജ്വാലയ്ക്കു പിന്നാലെ മറ്റു നിരവധി പേരും തങ്ങളുടെ പേര് വോട്ടർ ലിസ്റ്റിൽനിന്നും കാണാതായതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഹൈദരബാദിൽ പ്രമുഖ താരങ്ങൾ വോട്ട് ചെയ്യാനെത്തി. ടെന്നിസ് താരം സാനിയ മിർസ, നടൻ അല്ലു അർജുൻ, ചിരഞ്ജീവി, നാഗാർജുന, രാംചരൺ, മഹേഷ് ബാബു, ജൂനിയർ എൻടിആർ എന്നിവർ വോട്ട് ചെയ്തു.

രാജസ്ഥാനിൽ 200 നിയോജക മണ്ഡലങ്ങളിൽ 199 ഇടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. അൽവാർ ജില്ലയിലെ രാംഗഡിൽ അവിടുത്തെ ബിഎസ്‌പി സ്ഥാനാർത്ഥി മരിച്ചതിനാലാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. 51000 ലധികം ബൂത്തുകളാണ് രാജസ്ഥാനിൽ ഉളളത്. ഒരു ലക്ഷത്തിലധികം സേന അംഗങ്ങളെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുളളത്.

2013 ബിജെപി 161 സീറ്റുകൾ നേടിയാണ് രാജസ്ഥാനിൽ അധികാരത്തിലെത്തിയത്. കോൺഗ്രസിന് നേടാനായത് വെറും 21 സീറ്റുകളായിരുന്നു. അതിനാൽ തന്നെ ഇത്തവണ കോൺഗ്രസ് വൻ പ്രചാരണമാണ് സംസ്ഥാനത്ത് നടത്തിയത്. രാജസ്ഥാനിൽ ഭരണപക്ഷ വികാരം ഉണ്ടെന്നും ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് കോൺഗ്രസ് പക്ഷം പറയുന്നത്. അതേസമയം, ബിജെപി ഭരണകൂടം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജനങ്ങൾ ഇത്തവണയും ബിജെപിയെ അധികാരത്തിലെത്തിക്കുമെന്നാണ് മുഖ്യമന്ത്രി വസുന്ധരെ രാജപക്ഷെ പക്ഷം പറയുന്നത്.

രാജസ്ഥാനിൽ കോൺഗ്രസ് അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമലയുളള സച്ചിൻ പൈലറ്റിനും മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനുമാണ് മുൻതൂക്കം.

തെലങ്കാനയിൽ 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാന രൂപീകരണത്തിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 1821 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 32000 പോളിങ് ബൂത്തുകളാണ് തെലങ്കാനയിൽ ഉളളത്. കോൺഗ്രസ് സഖ്യവും ഭരണപക്ഷമായ തെലുങ്കു ദേശം പാർട്ടിയും തമ്മിലാണ് പോരാട്ടം.

ഡിസംബർ 11 നാണ് രാജസ്ഥാനിലെയും തെലങ്കാനയിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. നേരത്തെ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം എന്നിവിടങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലവും അന്ന് പുറത്തുവരും. അതേസമയം, അഞ്ചു സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു വൈകിട്ടോടെ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ