തെലങ്കാന: ലോക്ക്ഡൗണില്‍ കുടുങ്ങിയ മകനെ തിരിച്ചെത്തിക്കുന്നതിനായി ഒരമ്മ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് 1400 കിലോമീറ്റര്‍. തെലങ്കാനയിലാണ് ഈ സ്നേഹം നിറഞ്ഞ കാഴ്ച. തെലങ്കാനയില്‍നിന്നും ആന്ധ്രാപ്രദേശിലേക്കായിരുന്നു 48കാരിയായ റസിയ ബീഗത്തിന്റെ യാത്ര.

ആദ്യം കാറിന് പോകാനാണ് നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് സ്‌കൂട്ടറില്‍ പോകാന്‍ ബീഗം തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദില്‍നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് റസിയ ബീഗം.

തിങ്കളാഴ്ച രാവിലെ തെലങ്കാനയില്‍നിന്നും തിരിച്ച റസിയ ബീഗം ബുധനാഴ്ച മകനുമായി മടങ്ങിയെത്തി. മാര്‍ച്ച് 12 ന് നെല്ലൂരില്‍ പോയ തന്റെ ഇളയ മകന്‍ നിസാമുദീന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്ഥലത്ത് കുടുങ്ങുകയായിരുന്നു. ഇതോടെയാണ് പൊലീസ് അനുമതിയോടെ റസിയ ബീഗം യാത്ര തിരിച്ചത്.

“ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ ഇരുചക്രവാഹനത്തിലുള്ള യാത്ര പ്രയാസകരമായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടക്കാൻ സഹായിച്ചു. ഞാൻ ഭക്ഷണം പായ്ക്ക് ചെയ്തു. ഈ ദിവസങ്ങളിലെ എന്റെ ഭക്ഷണം അതായിരുന്നു. റോഡിൽ വണ്ടികളും ആളുകളും ഇല്ലാത്ത രാത്രികളിൽ പേടി തോന്നിയിരുന്നു,” ധീരയായ അമ്മ പറയുന്നു.

പതിനഞ്ച് വര്‍ഷം മുന്‍പ് റസിയ ബീഗത്തിന്റെ ഭര്‍ത്താവ് മരിച്ചിരുന്നു. ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു യാത്രയെന്നും അവര്‍ പറഞ്ഞു. രാത്രിയുള്ള സഞ്ചാരം വലിയ വെല്ലുവിളിയെന്നും ബീഗം പറഞ്ഞു.

വീട്ടിൽ തിരിച്ചെത്തി കുടുംബത്തോടൊപ്പം കഴിയാൻ മകൻ ആഗ്രഹിക്കുന്നു എന്നറിഞ്ഞ റസിയ മറ്റൊന്നും നോക്കിയില്ല. വെറുതേ കറങ്ങിത്തിരിയാൻ ഇറങ്ങിയതാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് പിടിക്കും എന്ന് ഭയന്നതിനാൽ റസിയ തന്റെ മൂത്ത മകനെ അയച്ചില്ല.

ഏപ്രിൽ 5 ഞായറാഴ്ച, ലോക്ക്ഡൗൺ നീട്ടാനുള്ള സാധ്യത അറിഞ്ഞതോടെ, റസിയ ബീഗം നെല്ലൂരിലേക്ക് പോയി മകനെ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചു. “എന്റെ സ്കൂട്ടിയിൽ പോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല. ആർക്കും താൽപര്യമില്ലാത്തതിനാൽ ഒരു കാർ വാടകയ്‌ക്കെടുക്കുക എന്ന ചോദ്യമേ ഇല്ലായിരുന്നു. കൂടാതെ ഞാൻ ഒരു കാറിൽ യാത്ര ചെയ്യുകയാണെങ്കിൽ ദേശീയപാതയിൽ പൊലീസ് തടയാനുള്ള സാധ്യതയും കൂടുതലാണ്. സ്‌കൂട്ടിയിൽ മാത്രം സഞ്ചരിക്കുന്നതിലൂടെ എന്റെ യാത്ര അത്യാവശ്യമാണെന്ന് പൊലീസുകാരെ ബോധ്യപ്പെടുത്താൻ കഴിയുമെന്ന് ഞാൻ കരുതി. എന്റെ മകനെയോ സഹോദരങ്ങളെയോ അറിയിച്ചില്ല. തിങ്കളാഴ്ച അതിരാവിലെ യാത്ര ആരംഭിച്ചു, ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ടൂപ്രാനിൽ എത്തിയതിനുശേഷം മാത്രമാണ് ഞാൻ വരുന്ന കാര്യം മകനെ അറിയിച്ചത്,” അവർ പറഞ്ഞു.

Read in English: Telangana mom makes 1400-km round-trip on scooty to bring home son stranded in Andhra

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook