ഹൈദരാബാദ്: രക്ഷാ ബന്ധന്‍ ദിനത്തില്‍ തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവുവിന് സഹോദരിയും പാര്‍ലമെന്റ് അംഗവുമായ കെ കവിത നല്‍കിയത് ഹെല്‍മറ്റ്. സഹോദര സ്നേഹത്തിനും കരുതലിനും ഇതിനേക്കാള്‍ വലിയ സമ്മാനം വേറെ ഇല്ലെന്ന സന്ദേശം അറിയിച്ചാണ് രാഖിക്ക് പകരം ഹെല്‍മറ്റിന് പ്രാധാന്യം നല്‍കി എംപി മാതൃകയായത്. പിന്നീട് രാഖിയും കൈയില്‍ കെട്ടിക്കൊടുത്തു.
മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മക്കളാണ് ഇരുവരും. ഇരുചക്രവാഹന യാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് നിര്‍ദേശിക്കുന്ന ‘സിസ്റ്റര്‍ ഫോര്‍ ചെയ്ഞ്ച്” എന്ന പ്രചരണത്തിന്റെ ഭാഗമായാണ് ഹെല്‍മറ്റ് നല്‍കി രക്ഷാ ബന്ധന്‍ ആചരിച്ചത്. ‘ഗിഫ്റ്റ് എ ഹെല്‍മെറ്റ്” എന്ന പ്രചരണത്തിന്റെ ഭാഗമായും കവിത എംപി ഹെല്‍മെറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് രക്ഷാ ബന്ധന്‍ ദിനത്തില്‍ എല്ലാവരും സന്ദേശം പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
എല്ലാ സഹോദരിമാരും സഹോദരങ്ങള്‍ക്ക് ഹെല്‍മറ്റ് നല്‍കി വേണം രക്ഷാ ബന്ധന്‍ ആചരിക്കാനെന്ന സന്ദേശം നിരവധി പേര്‍ ഷെയര്‍ ചെയ്തു. രാജ്യത്ത് ദിനംപ്രതി 400 പേരാണ് ഇരുചക്രവാഹന അപകടങ്ങളില്‍ മരിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാത്തത് കൊണ്ട് മാത്രമാണ് ഈ അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് കവിത പറഞ്ഞു. രക്ഷാ ബന്ധന്‍ ദിനത്തില്‍ ഹെല്‍മറ്റ് സഹോദരങ്ങള്‍ക്ക് നല്‍കി നമുക്ക് പുതിയ തുടക്കമിടാമെന്നും കവിത പറയുന്നു.
കവിതയുടെ പ്രചരണത്തിന് നിരവധി പ്രമുഖരും പിന്തുണ അറിയിച്ച് രംഗത്തെത്തി. ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗ്ഡകരി, സ്മൃതി ഇറാനി, ബാഡ്മിന്റണ്‍ താരങ്ങളായ ജ്വാല ഗൂട്ട, സൈന നെഹ്‍വാള്‍, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് നായിക മിഥാലി രാജ്, മുന്‍ ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരും പുതിയ ക്യാംപെയനിന് പിന്തുണയുമായെത്തി.
കവിതയുടെ പ്രചരണത്തിന് നിരവധി പേര്‍ പിന്തുണ അറിയിച്ചെങ്കിലും ചിലര്‍ ഹൈദരാബാദിലെ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി. രാഖി കെട്ടുന്ന സമയത്ത് സഹോദരനോട് റോഡ് ശരിയാക്കാന്‍ ആവശ്യപ്പെടണമെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.