ഹൈദരാബാദ്: യുഎസില്‍ കൗമാരക്കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു. തെലങ്കാനയിലെ മേദക് ജില്ലാ സ്വദേശി സുനില്‍ എഡ്‌ല (61) ആണ് ന്യൂജഴ്‌സിയിലെ വെന്റ്‌നര്‍ നഗരത്തില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം എട്ടോടെയായിരുന്നു സംഭവം.
വീടിനു പുറത്തുനില്‍ക്കുകയായിരുന്ന എഡ്‌ലയ്ക്കു നേരെ പതിനാറുകാരന്‍ നിറയൊഴിക്കുകയായിരുന്നു. ജോലിക്കു പോകവെയാണ് വെടിയേറ്റതെന്നാണു റിപ്പോര്‍ട്ട്. അറ്റ്‌ലാന്റിസ് സിറ്റിയിലെ ഒരു സ്ഥാപനത്തില്‍ നൈറ്റ് ഓഡിറ്ററായി ജോലി നോക്കുകയായിരുന്ന എഡ്‌ല രാത്രി ഷിഫ്റ്റിനായി പോകുകയായിരുന്നു. വെടിയുതിര്‍ത്ത കൗമാരക്കാരന്‍ എഡ്‌ലയുടെ കാറുമായി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. കാറും പിടിച്ചെടുത്തു. കൊലപാതകം, കവര്‍ച്ച, കാര്‍ മോഷണം, നിയമവിരുദ്ധമായി ആയുധം കൈയ്യില്‍ വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
1987ലാണ് എഡ്‌ല യുഎസ്സിലേക്ക് കുടിയേറുന്നത്. ഈ മാസം അവസാനം അമ്മയുടെ 95-ാം ജന്‍മദിനാഘോഷത്തിനും കുടുംബവുമൊത്ത് ക്രിസ്മസ് ആഘോഷിക്കുന്നതിനും ഇന്ത്യയിലേക്കു വരാനിരിക്കെയാണ് എഡ്‌ലയുടെ മരണം. അമേരിക്കയിലെ തന്റെ കമ്മ്യൂണിറ്റിക്കിടയിൽ വളരെ സജീവമായി ഇടപെട്ടിരുന്ന ആളായിരുന്നു എഡ്‌ല. അറ്റ്‌ലാന്റിക് സിറ്റി പള്ളിയിൽ ഇദ്ദേഹം സ്ഥിരമായി പിയാനോ വായിക്കാറുണ്ടായിരുന്നു.