ഹൈദരാബാദ്: രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനം തെലങ്കാനയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. രാജ്യത്ത് വര്‍ഗീയതയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷവും വളരുമ്പോൾ കഴിഞ്ഞ നാലര വര്‍ഷമായി തെലങ്കാനയില്‍ വര്‍ഗീയപരമായ ചേരിതിരിവുകളൊന്നും കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന രാഷ്ട്രസമിതിയുമായി ഒന്നിച്ച് മുന്നോട്ട് പോകുമെന്നും വരുന്ന തിരഞ്ഞെടുപ്പിലും ചന്ദ്രശേഖര്‍ റാവുവിനെ ജനങ്ങള്‍ ഭരണത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

‘സംസ്ഥാനത്ത് വര്‍ഗീയപരമായ സംഘര്‍ഷങ്ങളൊന്നും ഇല്ലെങ്കിലും രാജ്യത്ത് അങ്ങോളമിങ്ങോളം എന്താണ് സംഭവിക്കുന്നതെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. ആള്‍ക്കൂട്ട കൊലപാതകം, നഗരങ്ങളുടെ പേര് മാറ്റല്‍ എന്നിവയൊക്കെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ ബഹുത്വത്തില്‍ വിശ്വസിക്കുന്ന ന്യൂനപക്ഷങ്ങളായ മുസ്‌ലിങ്ങളേയും ദലിതരേയും ഇത്തരം കാര്യങ്ങള്‍ ബാധിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒന്നിച്ച് നടക്കുമ്പോള്‍ ഇവിടെ പിടികൂടി ചോദ്യം ചെയ്യപ്പെടുന്നില്ല. അത്തരം സാഹചര്യങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നില്ല,’ ഒവൈസി പറഞ്ഞു.

ചില മുസ്‌ലിം യുവാക്കള്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരണമെന്ന് പറഞ്ഞ് പോയത് അവരുടെ വ്യക്തിപരമായ ജീവിതപശ്ചാത്തലം കൊണ്ടാണെന്നും ഇസ്‌ലാമില്‍ ഭീകരസംഘടന ഉണ്ടാക്കണമെന്ന് പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരില്‍ നിന്ന് സിറിയയിലേക്ക് പോവാന്‍ തയ്യാറായ യുവാക്കളെ അവരുടെ കുടുംബം തന്നെയാണ് പൊലീസിന് കാണിച്ച് കൊടുത്തതെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook