തെലങ്കാനയിലെ മാർപള്ളി ഗ്രാമത്തിൽ മിശ്രവിവാഹിതരായ ദമ്പതികൾ ആക്രമിക്കപ്പെടുകയും വരൻ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തെ തുടർന്ന് സംഘർഷം. ബുധനാഴ്ച രാത്രിയാണ് ദമ്പതികൾ ആക്രമിക്കപ്പെട്ടത്.
ഹൈദരാബാദിലെ സരൂർനഗറിലെ മണ്ഡല് റവന്യൂ ഓഫീസിന് സമീപമാണ് സംഭവം. ബി നാഗരാജുവിനെയും (25) നവവധുവായ ഭാര്യ അഷ്രിൻ സുൽത്താനയെയും (23) യുവതിയുടെ കുടുംബത്തിലെ അംഗങ്ങൾ എന്ന് കരുതുന്ന രണ്ടുപേർ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു.
വഴിയാത്രക്കാർ നോക്കിനിൽക്കെ, അക്രമികളിലൊരാൾ കത്തിയെടുത്ത് നാഗരാജുവിനെ പലതവണ കുത്തുകയും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലുകയും ചെയ്തു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. അക്രമികൾ ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് വഴിയാത്രക്കാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. മാർപ്പള്ളി ഗ്രാമത്തിൽ നിന്നുള്ള ദമ്പതികൾ വർഷങ്ങളായി പ്രണയത്തിലായിരുന്നുവെങ്കിലും യുവതിയുടെ വീട്ടുകാർ ഇവരുടെ ബന്ധത്തെ എതിർത്തതിനാൽ യുവതിയെ കാണുന്നതിൽ നിന്ന് വിലക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
എന്നാൽ, വീട്ടുകാരുടെ എതിർപ്പിന് വിരുദ്ധമായി, ജനുവരി 31 ന് ആര്യസമാജത്തിൽ വച്ച് വിവാഹിതരായ ദമ്പതികൾ യുവതിയുടെ വീട്ടുകാരുടെ ഭീഷണിയെ തുടർന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് താമസം മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ഇവർ ഹൈദരാബാദിലെത്തിയതെന്നും അവർ വാടകയ്ക്ക് വീട് എടുത്തിരുന്നതായും പൊലീസ് പറഞ്ഞു.