Latest News

‘ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് അച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ എനിക്കിപ്പോള്‍ മനസ്സിലാവുന്നു’

‘ ജാതീയത ഇല്ലാതാക്കണമെന്നായിരുന്നു പ്രണോയിയുടെ ആഗ്രഹം, ഞാന്‍ അതിന് വേണ്ടി പോരാടും’-അമൃത

ഹൈദരാബാദ്: തെലങ്കാനയില്‍ 23കാരനായ ദളിത് യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ തന്റെ പിതാവാണെന്ന് യുവാവിന്റെ ഭാര്യ. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത പട്ടികജാതി സമുദായത്തില്‍ പെട്ട യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയ് പെരുമല്ലയെ ആണ് ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വച്ച് അക്രമി കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ നിന്ന് പുറത്ത് വരുമ്പോഴാണ് അക്രമി പിന്നിലൂടെ വന്ന് പ്രണയിനെ വെട്ടിയത്. നാല്‍ഗോണ്ടയിലെ ജ്യോതി ആശുപത്രിക്ക് പുറത്താണ് അക്രമം നടന്നത്. ഭര്‍ത്താവ് കൊല്ലപ്പെടുന്നതിന്റെ രണ്ട് ദിവസം മുമ്പ് ബുധനാഴ്ച്ച തന്റെ പിതാവ് ഫോണ്‍ ചെയ്തതായി അമൃത പറഞ്ഞു.

‘എന്റെ അച്ഛന്റെ ഏക മകളാണ് ഞാന്‍. ജനുവരിയില്‍ പ്രണയിയെ വിവാഹം ചെയ്തതോടെ അച്ഛന്‍ വല്ലപ്പോഴും മാത്രമാണ് എന്നോട് സംസാരിക്കാറുളളത്. വീട്ടിലേക്ക് തിരിച്ച് വരാനോ ഗര്‍ഭം അലസിപ്പിക്കാനോ മാത്രമാണ് അച്ഛന്‍ ആവശ്യപ്പെടാറുളളത്. ഗര്‍ഭം അലസിപ്പിച്ച് കുട്ടികളില്ലാതെ മൂന്ന് വര്‍ഷം ജീവിച്ചാല്‍ വിവാഹം താന്‍ അംഗീകരിക്കുമെന്നാണ് അച്ഛന്‍ പറഞ്ഞത്’, അമൃതയെ ഉദ്ധരിച്ച് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘എന്റെ കുട്ടിയെ ഞാന്‍ ഇല്ലാതാക്കില്ലെന്നാണ് ഞാന്‍ അച്ഛനോട് പറഞ്ഞത്. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്നമാവാതിരിക്കാനാണ് അവര്‍ എന്നോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാവുന്നു. കുഞ്ഞില്ലെങ്കില്‍ അവര്‍ക്ക് എന്നെ മറ്റ് പ്രശ്നങ്ങളില്ലാതെ വീട്ടിലെത്തിക്കാന്‍ കഴിയുമെന്ന് കരുതിക്കാണും’, അമൃത പറഞ്ഞു.

അമൃതയും പിതാവ് മാരുതി റാവുവും

‘എന്റെ രക്ഷിതാക്കള്‍ എന്തെങ്കിലും ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നു. പക്ഷെ അവര്‍ പൊതുസ്ഥലത്ത് വെച്ച് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഞങ്ങളുടെ ജീവിതം തകര്‍ത്തവരെ ശിക്ഷിക്കണം. അവര്‍ ജയിലില്‍ പോയത് കൊണ്ട് മാത്രം കാര്യമില്ല, അവിടെയും അവര്‍ ജീവിക്കും. പ്രണയിയെ കൊന്നത് പോലെ അവരും കൊല്ലപ്പെടണം. ഇത് പോലെ ജാതിയുടെ പേരിലുളള കൊലപാതകങ്ങള്‍ ഇനി സംഭവിക്കരുത്. ജാതീയത ഇല്ലാതാക്കണമെന്നായിരുന്നു പ്രണോയിയുടെ ആഗ്രഹം, ഞാന്‍ അതിന് വേണ്ടി പോരാടും’, അമൃത വ്യക്തമാക്കി.

വെള്ളിയാഴ്ച്ചയാണ് പ്രണയ് കൊല്ലപ്പെട്ടത്. ഭാര്യ അമൃതയും മറ്റൊരു സ്ത്രീയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആശുപത്രി ഗേറ്റ് കടന്ന് പുറത്തെത്തിയപ്പോഴാണ് പിന്നിലൂടെ വന്ന അക്രമി പ്രണയിന്റെ തലയ്ക്ക് വാള്‍ കൊണ്ട് ആഞ്ഞുവെട്ടിയത്. ആദ്യത്തെ വെട്ടിന് തന്നെ താഴെ വീണ പ്രണയിന്റെ തലയ്ക്ക് ഇയാള്‍ ഒന്നുകൂടി വെട്ടി ഓടി രക്ഷപ്പെട്ടു. അമൃതയും കൂടെ ഉണ്ടായിരുന്ന സ്ത്രീയും പ്രണയിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പ്രണയ് വെട്ടേറ്റ് നിലത്ത് വീണയുടനെ ഗര്‍ഭിണിയായ അമൃത നിലവിളിച്ച് കൊണ്ട് സഹായം അഭ്യര്‍ത്ഥിച്ച് ആശുപത്രിയിലേക്ക് ഓടിക്കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പ്രണയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആറ് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. മൂന്ന് മാസം ഗര്‍ഭിണിയായ അമൃതയെ ഡോക്ടറെ കാണിക്കാനാണ് ആശുപത്രിയിലെത്തിയത്. അമൃതയുടെ പിതാവായ മാരുതി റാവുവിനെയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 5 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി ക്വട്ടേഷന്‍ കൊടുത്താണ് റാവു മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.

അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം അറിയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ അമൃത തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് കാണാന്‍ കഴിയും. പ്രണയിക്ക് നീതി തേടി ഇപ്പോള്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Telangana honour killing woman says father wanted her to terminate pregnancy

Next Story
‘മോദിയുടെ കാലു കഴുകി വെള്ളം കുടിക്കുമോ?’; നിഷികാന്ത് ദൂബെയോട് കപില്‍ സിബല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com