scorecardresearch
Latest News

‘പ്രണയ് നൽകിയ സമ്മാനം എന്റെ ഉള്ളിൽ വളരുന്നുണ്ട്; കുഞ്ഞിനെ ജാതിയില്ലാതെ വളർത്തും’

‘എനിക്ക് 21 വയസേയുള്ളൂ. പ്രണയ്ക്ക് 24ഉം. പരസ്പരമുള്ള ഇളക്കം തട്ടാത്ത സ്‌നേഹമല്ലാതെ ഈ ലോകത്തെ മറ്റൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. മനോഹരമായൊരു ജീവിതമാണ് ക്രൂരമായി അറുത്തെറിഞ്ഞത്,’ അമൃത പറയുന്നു.

telangana honour killing

ഹൈദരാബാദ്: വാട്ട്‌സ്ആപ്പ് വഴിയാണ് അമൃതവര്‍ഷിണിയും എഞ്ചിനീയറായിരുന്ന പി. പ്രണയ് കുമാറും വിവാഹത്തെക്കുറിച്ചുള്ള ഉറപ്പുകളും സ്വപ്‌നങ്ങളും പരസ്പരം കൈമാറിയത്. ഒരു കൊച്ചു ഫാം തുടങ്ങണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. ദളിത് യുവാവായ പ്രണയ്ക്കും ഉന്നത ജാതിയില്‍ പെട്ട അമൃതയ്ക്കും തങ്ങളുടെ മക്കളെ ജാതിയ്ക്ക് അതീതരായി വളര്‍ത്തണമെന്നൊരു സ്വപ്‌നവും ഉണ്ടായിരുന്നു.

ആ സ്വപ്‌നം അമൃതയെ എല്‍പ്പിച്ചാണ് പ്രണയ് പോയത്. ഗര്‍ഭിണിയായിരുന്ന അമൃതയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയി വരുമ്പോളാണ് ആക്രമി പുറകിലൂടെ വന്ന് പ്രണയ്‌നെ വെട്ടിയത്. നാല്‍ഗോണ്ടയിലെ ജ്യോതി ആശുപത്രിയ്ക്ക് പുറത്താണ് അക്രമം നടന്നത്. അമൃതയുടെ പിതാവ് ടി. മാരുതി റാവു ഒരു കോടി രൂപനല്‍കി ബിഹാറില്‍ നിന്നിറക്കിയ ക്വട്ടേഷന്‍ സംഘമാണ് പ്രണയ്‌നെ ആക്രമിച്ചു കൊലപ്പെടുത്തിയതെന്നാണ് ആരോപണം.

‘ജാതിയില്ലാതെ മക്കളെ വളര്‍ത്തണമെന്നായിരുന്നു ഞങ്ങളുടെ സ്വപ്‌നം. പ്രണയ് നല്‍കിയ സമ്മാനമാണ് എന്റെയുള്ളില്‍ വളരുന്നത്. ജാതീയതയ്‌ക്കെതിരെ പോരാടാന്‍ ഞാനെന്റെ കുഞ്ഞിനെ പഠിപ്പിക്കും,’ അമൃത പറയുന്നു.

തന്റെ ഏകമകള്‍ കീഴ് ജാതിയിലുള്ള ഒരാളെ വിവാഹം ചെയ്തത് അമൃതയുടെ പിതാവിന് അംഗീകരിക്കാന്‍ സാധിച്ചില്ലെന്നും അങ്ങനെയാണ് പ്രണയ്‌നെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.

മുത്തിറെഡ്ഡിക്കുണ്ഡയിലെ പ്രണയ്‌യുടെ വീട്ടിലാണ് അമൃതയിപ്പോളും. തന്റെ പ്രിയപ്പെട്ടവന്റെ വിയോഗം ഇപ്പോളും വിശ്വസിക്കാന്‍ അമൃതയ്ക്കായിട്ടില്ല. പ്രണയിന്റെ അച്ഛന്‍ അമൃതയ്‌ക്കൊപ്പമുണ്ട്. മരുമകളെ കാണാന്‍ വന്ന മാധ്യമപ്രവര്‍ത്തകരോടും മറ്റുള്ളവരോടും അദ്ദേഹത്തിനു പറയാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ
‘കുറച്ചു സമയം തരൂ, ഞാനവള്‍ക്ക് ഭക്ഷണം കൊടുത്തോട്ടെ. അമൃതയുടെ രക്തസമ്മര്‍ദ്ദം വളരെ കൂടുതലാണ്. മുഴുവന്‍ സമയ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്,’ അദ്ദേഹം പി ബാലസ്വാമി.

അമൃതയെ ഒരു കുഞ്ഞിനെയെന്ന പോലെയായിരുന്നു പ്രണയ് നോക്കിയിരുന്നതും സ്‌നേഹിച്ചിരുന്നതും.
‘എനിക്ക് 21 വയസേയുള്ളൂ. പ്രണയ്ക്ക് 24ഉം. പരസ്പരമുള്ള ഇളക്കം തട്ടാത്ത സ്‌നേഹമല്ലാതെ ഈ ലോകത്തെ മറ്റൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. മനോഹരമായൊരു ജീവിതമാണ് ക്രൂരമായി അറുത്തെറിഞ്ഞത്,’ അമൃത പറയുന്നു.

അമൃതയ്ക്ക് പ്രണയുടെ കുടുംബത്തോടൊപ്പം താമസിക്കാനാണ് ഇഷ്ടമെന്ന് ബാലസ്വാമി പറയുന്നു.
‘അവള്‍ക്ക് സ്വന്തം രക്ഷിതാക്കളെ പേടിയാണ്. അവളിവിടെ തന്നെ ജീവിക്കും. ജനിക്കാന്‍ പോകുന്ന കുഞ്ഞിനേയും ഞങ്ങള്‍ സംരക്ഷിക്കും. പ്രണയ്ക്ക് നേരെ ഉപദ്രവം ഉണ്ടാകുമെന്ന് വിചാരിച്ച് ഞാന്‍ നേരത്തേ ഇവരോട് പറഞ്ഞിരുന്നു പ്രണയം അവസാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. രണ്ടുപേരെയും ഒരുപാട് ഉപദേശിച്ചു. പക്ഷെ അവരുടെ സ്‌നേഹം അത്രയും ദൃഢമായിരുന്നു,’ ബാലസ്വാമി പറയുന്നു.

വെള്ളിയാഴ്ചയാണ് പ്രണയ് കൊല്ലപ്പെട്ടത്. മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ അമൃതയെ ഡോക്ടറെ കാണിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് പ്രണയിനെ വെട്ടിക്കൊന്നത്. ഭാര്യ അമൃതയും മറ്റൊരു സ്ത്രീയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആശുപത്രി ഗേറ്റ് കടന്ന് പുറത്തെത്തിയപ്പോഴാണ് പിന്നിലൂടെ വന്ന അക്രമി പ്രണയിന്റെ തലയ്ക്ക് വാള്‍ കൊണ്ട് ആഞ്ഞുവെട്ടിയത്. ആദ്യത്തെ വെട്ടിന് തന്നെ താഴെ വീണ പ്രണയിന്റെ തലയ്ക്ക് ഇയാള്‍ ഒന്നുകൂടി വെട്ടി ഓടി രക്ഷപ്പെട്ടു. അമൃതയും കൂടെ ഉണ്ടായിരുന്ന സ്ത്രീയും പ്രണയിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Telangana honour killing we dreamt of bringing up our child without caste prejudices