ഹൈദരാബാദ്: അനധികൃത മണൽ ഖനനത്തിനെതിരെ പ്രതികരിച്ച ദലിത് യുവാക്കളോട് ബിജെപി നേതാവിന്റെ ക്രൂരത. യുവാക്കളെ നിർബന്ധിച്ച് മലിനമായ കുളത്തിൽ മുങ്ങിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ സെപ്റ്റംബർ 16 ന് നടന്ന സംഭവത്തിന്റെ വിഡിയോ ഇന്നലെയാണ് പുറത്തുവന്നത്. വിഡിയോ പുറത്തായതോടെ ബിജെപി നേതാവായ ഭാരത് റെഡ്ഡിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.

നിസാമാബാദ് ജില്ലാ മുൻ ബിജെപി ജനറൽ സെക്രട്ടറിയാണ് ഭാരത് റെഡ്ഡി. അബാങ്പട്നം ഗ്രാമാതിർത്തിയിലുളള ഭാരത് റെഡ്ഡിയുടെ മണൽ ക്വാറിയിൽ ലക്ഷ്മൺ, രാജേഷ് എന്നീ യുവാക്കൾ അനുമതിയില്ലാതെ പ്രവേശിച്ചതാണ് റെഡ്ഡിയെ പ്രകോപിപ്പിച്ചത്. ക്വാറിയിലെ ജോലിക്കാർ മോഷ്ടാക്കളാണെന്നാരോപിച്ച് യുവാക്കളെ പിടികൂടുകയും കെട്ടിയിടുകയും ചെയ്തു. അതിനുശേഷം വിവരം റെഡ്ഡിയെ അറിയിച്ചു. റെഡ്ഡി യുവാക്കളെ വടി കൊണ്ട് തല്ലുകയും വൃത്തിഹീനമായ കുളത്തിൽ (മലവിസർജനത്തിനായി ഉപയോഗിക്കുന്നതാണ് ഈ കുളമെന്നാണ് പറയപ്പെടുന്നത്) യുവാക്കളെ നിർബന്ധിച്ച് മുങ്ങിപ്പിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായത്.

റെഡ്ഡിയോട് യുവാക്കൾ കേണപേക്ഷിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ ഒരു ദയയുമില്ലാതെ യുവാക്കളോട് റെഡ്ഡി ക്രൂരമായി പെരുമാറുകയായിരുന്നു. യുവാക്കളെ അസഭ്യം പറയുകയും മൂക്ക് നിലത്തുമുട്ടിച്ച് മാപ്പു പറയാൻ ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, റെഡ്ഡിക്കെതിരെ പരാതി നൽകാൻ യുവാക്കൾ വിസമ്മതിച്ചതായി പൊലീസ് പറഞ്ഞു. ദലിത് നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നവിപെട്ട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജെ.നരേഷ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ