ഹൈദരാബാദ്: തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവം മുഴുവൻ രാജ്യത്തിനുളള സന്ദേശമെന്ന് മന്ത്രി തലസാനി ശ്രീനിവാസ് യാദവ്. അടിയന്തര നടപടിയെടുക്കാൻ സമ്മർദമുണ്ടായിരുന്നുവെന്നും അതിന്റെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം ദി സൺഡേ എക്‌സ്‌പ്രസിനോടു പറഞ്ഞു.

മുകളിൽ നിന്ന് അനുമതിയില്ലാതെ ഇത് സംഭവിക്കില്ലെന്നും പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ”കുറ്റകൃത്യം പുനഃസൃഷ്ടിക്കാനായി പ്രതികളെ കൊണ്ടുപോയത് മുകളിൽനിന്നുളള നിർദേശ പ്രകാരമായിരുന്നു. അടിയന്തര നടപടി സ്വീകരിക്കുന്നതിൽ തെലങ്കാന സംസ്ഥാനം വളരെ ശക്തമാണ്” യാദവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നോ ഏറ്റുമുട്ടൽ എന്ന ചോദ്യത്തിന് അദ്ദേഹം അതിന് അനുമതി കൊടുത്തിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ”പക്ഷേ പൊലീസിന് നടപടിയെടുക്കേണ്ടി വന്നാൽ ഞങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക. അനുമതി കൊടുത്തിരുന്നില്ല, പക്ഷേ അടിയന്തര നടപടിയെടുക്കാൻ സമ്മർദ്ദമുണ്ടായിരുന്നു” അദ്ദേഹം വ്യക്തമാക്കി.

Read Also: ഹൈദരാബാദ് പീഡനക്കേസ്: പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു

ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ചുകൊന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് യാദവ് പറഞ്ഞു. ”രാജ്യത്തുളള മുഴുവൻ ജനങ്ങളും സന്തോഷത്തിലാണ്. ഈ കാബിനറ്റിലെ അംഗമായതിൽ ഞാൻ അഭിമാനം കൊളളുന്നു. ഇത് മുഴുവൻ രാജ്യത്തിനുമുളള സന്ദേശമാണ്. നിരവധി ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യത്ത് നമ്മുടെ പെൺകുട്ടികൾക്കുളള സന്ദേശമാണ് (അവരുടെ സംരക്ഷണത്തിനുളള) ഇത്.”

വരുന്ന ഡിസംബർ 16 ന് ഡൽഹി കൂട്ടബലാത്സംഗം നടന്നിട്ട് ഏഴു വർഷമാകുമെന്ന് യാദവ് ചൂണ്ടിക്കാട്ടി. ”എന്നാൽ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാന കേസായിരുന്നു. ഇവിടെ നിയമമില്ല എന്നതിന്റെ തെളിവാണിത്. ആളുകൾ ജയിലിൽ പോകുന്നു, പുറത്തുവന്ന് വീണ്ടും അവർക്ക് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള അവസരം കിട്ടുന്നു. ഇതാണ് ഇന്ത്യയിലെ അവസ്ഥ. അതിനാൽ ഈ വെടിവയ്പ് രാജ്യത്തിനു മുഴുവനുളള സന്ദേശമാണ്” യാദവ് പറഞ്ഞു.

വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ചുകൊന്നു കത്തിച്ച കേസിൽ പിടിയിലായ 4 പ്രതികളെയും പൊലീസ് വെടിവച്ചു കൊന്നിരുന്നു. യുവതിയുടെ മൃതദേഹം കത്തിച്ച സ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പിനിടെ പൊലീസിന്റെ തോക്കു തട്ടിയെടുത്തു വെടിവച്ച ഇവരെ ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നുവെന്നാണ് കേസന്വേഷണത്തിനു നേതൃത്വം നൽകിയ സൈബരാബാദ് പൊലീസ് കമ്മിഷണർ വി.സി.സജ്ജനാർ പറഞ്ഞത്.

ഹൊദരാബാദിലെ ഷംഷാബാദില്‍ കഴിഞ്ഞ ബുധനാഴ്ചയാണു ക്രൂരമായ കൊലപാതകം നടന്നത്. ഇരുപത്തിയാറുകാരിയായ വെറ്ററിനറി ഡോക്ടറെ ലോറി ഡ്രൈവറും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം പെട്രൊള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook