ഹൈദരാബാദ്: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഭാര്യ 10 മണിക്കൂറിനകം തിരികെ പാർട്ടിയിലെത്തി. ഇന്നലെ രാവിലെയാണ് തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി.ദാമോദർ രാജനരസിംഹയുടെ ഭാര്യ പദ്മിനി റെഡ്ഡി ബിജെപിയിൽ ചേർന്നത്. തെലങ്കാന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.ലക്ഷ്മണനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.

പദ്മിനി പാർട്ടി അംഗത്വം സീകരിച്ച വിവരം ബിജെപി പത്രസമ്മേളനത്തിലൂടെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് പത്മിനി പാർട്ടി അംഗത്വം സ്വീകരിച്ചതെന്നായിരുന്നു ലക്ഷ്മൺ പറഞ്ഞത്. പത്മിനിയുടെ അംഗത്വം പാർട്ടിക്ക് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ രാവിലെ ബിജെപിയിൽ ചേർന്ന പത്മിനി വൈകിട്ടോടെ പാർട്ടി വിട്ട് കോൺഗ്രസിൽ മടങ്ങിയെത്തി. കോൺഗ്രസ് പാർട്ടി വിട്ടതിൽ പ്രവർത്തകർ ദുഃഖിതരായെന്നും അതിനാലാണ് മടങ്ങി എത്തിയതെന്നുമായിരുന്നു പദ്മിനിയുടെ വിശദീകരണം.

അവിഭക്ത ആന്ധ്രപ്രദേശിൽ എൻ.കിരൺ കുമാർ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പദ്മിനിയുടെ ഭർത്താവ് രാജനരസിംഹയായിരുന്നു ഡപ്യൂട്ടി മുഖ്യമന്ത്രി. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വീകാര്യതയുളള കോൺഗ്രസ് നേതാക്കളിലൊരാളാണ് ഇദ്ദേഹം. രാ​ഷ്ട്രീ​യ​ത്തി​ൽ​ ​വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നാ​യി​രു​ന്നു​ ​ഭാര്യയുടെ​ ​ബിജെ.പി​ ​പ്ര​വേ​ശ​നത്തെക്കുറിച്ച് ​രാ​ജ​ന​ര​സിം​ഹ പ്രതികരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ