ഹൈദരാബാദ്: തെലങ്കാന നിയമസഭ നേരത്തെ പിരിച്ചുവിടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 2019ന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നേരിടാനാണ് കെ ചന്ദ്രശേഖർ റാവു സർക്കാരിന്റെ തീരുമാനം. ഗവർണ്ണർ ഇ.എസ്.എൽ നരസിംഹനെ നേരിൽ കണ്ട കെ ചന്ദ്രശേഖർ റാവു നിയമസഭ പിരിച്ചുവിടാനുളള മന്ത്രിസഭാ തീരുമാനം അദ്ദേഹത്തെ അറിയിച്ചു. നിയമസഭ പിരിച്ചുവിട്ടെങ്കിലും കെ ചന്ദ്രശേഖർ റാവു കാവൽ മുഖ്യമന്ത്രിയായി തുടരും. മന്ത്രിസഭ ശുപാർശ അംഗീകരിച്ച ഗവർണ്ണർ റാവുവിനോട് കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
ഈ വർഷം ഡിസംബറിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും വോട്ടെടുപ്പ് നടത്താനാണ് കെ ചന്ദ്രശേഖർ റാവു പദ്ധതിയിടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങളിലേക്കാണ് ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ജനപക്ഷം തങ്ങൾക്കനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഭരണ കക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നിയമസഭ പിരിച്ചുവിടാൻ തീരുമാനിച്ചത്. കാലാവധി തീരാൻ എട്ട് മാസം അവശേഷിക്കെയാണ് കെ ചന്ദ്രശേഖർ റാവു സർക്കാർ നിയമസഭ പിരിച്ചുവിടുന്നത്. നിയമസഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പാർട്ടിക്കകത്തുതന്നെ എതിർപ്പുകളുണ്ടായിരുന്നെങ്കിലും ഇന്ന് കൂടിയ മന്ത്രിസഭ യോഗം അന്തിമ തീരുമാനം കൈകൊള്ളുകയായിരുന്നു.
നിയമസഭ പിരിച്ചുവിടുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി എസ്.കെ. ജോഷി, സര്‍ക്കാരിന്റെ മുഖ്യോപദേഷ്ടാവ് രാജീവ് ശര്‍മ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. നര്‍സിങ് റാവു, നിയമസഭാ സെക്രട്ടറി നരസിംഹചാര്യുലു തുടങ്ങിയവര്‍ ബുധനാഴ്ച ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. നിയമസഭ പിരിച്ചുവിടുന്ന തിരുമാനത്തിന് മുമ്പായി റാവു ബുധനാഴ്ച സംസ്ഥാന ജീവനക്കാരുടെ അസോസിയേഷന് നേതാക്കളെ കണ്ടു ചര്‍ച്ച നടത്തി. ജീവനക്കാര്‍ക്ക് തൃപ്തികരമായ രീതിയില്‍ ഇടക്കാലാശ്വാസം നല്കാന് തീരുമാനിച്ചിട്ടുണ്ട്.