ഹൈദരാബാദ്: തെലങ്കാനയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 43 പേർ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. തെലങ്കാന സര്‍ക്കാരിന്റെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. കൊണ്ടഗാട്ട് ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് തീർത്ഥാടകരുമായി മടങ്ങിയ ബസാണ് അപകടത്തില്‍ പെട്ടത്. 55 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

ജഗ്തിയാളില്‍ നിന്നും വന്ന ബസ് മൂന്ന് ഗ്രാമങ്ങളില്‍ നിന്ന് യാത്രക്കാരെ എടുത്താണ് ക്ഷേത്രത്തിലെത്തിയതെന്ന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ജി.നരേന്ദ്ര പറഞ്ഞു. ‘ക്ഷേത്രത്തില്‍ നിന്നും തിരിച്ചുളള വഴിയിലാണ് വളവില്‍ വച്ച് ഡ്രൈവറിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ബ്രേക്ക് കിട്ടാഞ്ഞതോ മറ്റെന്തോ സാങ്കേതിക പിഴവോ പറ്റിയെന്നാണ് കരുതുന്നത്. നിയന്ത്രണം വിട്ട് ആദ്യം ഒരു ഓട്ടോറിക്ഷയിലിടിച്ചു. ബസില്‍ നിന്നും യാത്രക്കാരുടെ നിലവിളി ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട ബസ് 30 അടിയോളം താഴ്ചയുളള കൊക്കയിലേക്കാണ് മറിഞ്ഞത്. സ്ഥലത്ത് വച്ച് തന്നെ 23 പേര്‍ മരിച്ചു’, നരേന്ദ്ര പറഞ്ഞു. ബാക്കിയുളളവര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

ജഗ്തിയാള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുളള ബസാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്നയുടനെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. അടുത്തുളള ആശുപത്രികളില്‍ നിന്നും ഉടന്‍ തന്നെ ആംബുലന്‍സുകള്‍ എത്തി അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. കാവല്‍ മുഖ്യമന്ത്രിയായ കെ.ചന്ദ്രശേഖര്‍ റാവു മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും അദ്ദേഹം വാഗ്‌ദാനം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook