ഭൂപൽപളളി (തെലങ്കാന): തെലങ്കാന നിയമസഭ സ്പീക്കർക്ക് പാലഭിഷേകം നടത്തി അണികൾ. സ്പീക്കർ സിരികൊണ്ട മധുസൂദന ചാരിയെയാണ് അണികൾ പാലിൽ കുളിപ്പിച്ചത്. സിരികൊണ്ടയുടെ നിയോജക മണ്ഡലമായ ഭൂപൽപളളിയിൽ വില്ലേജ് കൗൺസിൽ പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിലാണ് അണികൾ സ്പീക്കർക്ക് പാലുകൊണ്ട് അഭിഷേകം നടത്തിയത്.

സ്പീക്കർക്ക് പാലഭിഷേകം നടത്തുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. സിരികൊണ്ട കസേരയിൽ ഇരിക്കുന്നതും അണികൾ പാലുകൊണ്ട് അദ്ദേഹത്തെ കുളിപ്പിക്കുന്നതും വീഡിയോയിലുണ്ട്. അദ്ദേഹം മതിയെന്ന് പറയുന്നതുവരെ അണികൾ പാലഭിഷേകം തുടർന്നു.

അതേസമയം, സ്പീക്കറെ പാലഭിഷേകം നടത്തിയതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു. ലിറ്റർ കണക്കിന് പാൽ പാഴാക്കി കളഞ്ഞുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. തെലങ്കാനയിൽ പാൽ വാങ്ങാൻ നിവർത്തിയില്ലാത്ത നിരവധി കുടുംബങ്ങൾ ഉണ്ടെന്ന് സ്പീക്കർ ഓർക്കണമെന്നായിരുന്നു ഒരു കമന്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ