ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വെല്ലുവിളി സ്വീകരിച്ചെന്നും തന്റേതായ ഫിറ്റ്നസ് വീഡിയോ ഉടന്‍ തന്നെ തയ്യാറാക്കുമെന്നും മോദി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് തേജസ്വി രംഗത്തെത്തിയത്. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു കോഹ്‌ലി വീഡിയോ തയ്യാറാക്കിയത്.

കേന്ദ്രമന്ത്രിയുടെ വെല്ലുവിളി പുഷ്പം പോലെ ചെയ്ത് വിരാട് കോഹ്‌ലി; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് താരം

‘സ്‌പൈഡര്‍ പ്ലാങ്കാണ്’ കോഹ്‌ലി ചെയ്തത്. ഇരു കൈമുട്ടുകളും നിലത്ത് കുത്തി കാലുകള്‍ മുകളിലേക്ക് ചലിപ്പിക്കുന്ന വ്യായാമമാണ് സ്‌പൈഡര്‍ പ്ലാങ്ക്. റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്ത കോഹ്‌ലി മറ്റ് മൂന്നു പേരെ വെല്ലുവിളിക്കുകയും ചെയ്തു. തന്റെ ഭാര്യ അനുഷ്ക ശര്‍മ്മ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സഹതാരം മഹേന്ദ്ര സിങ് ധോണി എന്നിവരെയാണ് കോഹ്‌ലി ഫിറ്റ്നസ് വീഡിയോ തയ്യാറാക്കാന്‍ വെല്ലുവിളിച്ചത്. ഇതിന് പിന്നാലെയാണ് മോദി ചലഞ്ച് സ്വീകരിച്ച് രംഗത്തെത്തിയത്. താന്‍ വീഡിയോ ഉടന്‍ തയ്യാറാക്കുമെന്നും മോദി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് തേജസ്വിയുടെ ഒളിയമ്പ്.

കോഹ്‌ലിയുടെ വെല്ലുവിളി സ്വീകരിച്ച് പ്രധാനമന്ത്രി: വീഡിയോ ഉടന്‍ പുറത്തുവിടും

‘കോഹ്‌ലിയുടെ ചലഞ്ച് ഏറ്റെടുത്തതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഞാന്‍ നിങ്ങളോട് ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയാണ്. യുവാക്കള്‍ക്ക് തൊഴില്‍ ഒരുക്കുക, കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുക, രാജ്യത്ത് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അക്രമം അവസാനിപ്പിക്കുക, ഈ വെല്ലുവിളി അങ്ങ് സ്വീകരിക്കണം’, തേജസ്വി ട്വീറ്റ് ചെയ്തു. അഴിമതി കേസില്‍ പിതാവ് ജയിലില്‍ ആയതിന് പിന്നാലെ തേജസ്വിയാണ് പാര്‍ട്ടിയെ നയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook