പാറ്റ്ന: ബീഹാറിൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചൊഴിഞ്ഞ നിതീഷ് കുമാറിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിയെ കോടതിയിൽ നേരിടുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ലാലുപ്രസാദ് യാദവിന്റെ മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവുൾപ്പടെയുള്ളവർക്കെതിരെ അഴിമതി കേസ് ഉയർന്നുവന്നതിനെ തുടർന്നാണ് നിതീഷ് കുമാർ രാജിവച്ചത്.

ഇന്ന് രാവിലെ ഗവർണർ കേസരി നാഥ് ത്രിപദിയെ കണ്ട തേജസ്വി യാദവ്, ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർജെഡി യെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് വിസമ്മതിച്ചതിനെ തുടർന്നാണ് ഗവർണർക്കെതിരെ കടതിയെ സമീപിക്കുമെന്ന് തേജസ്വി യാദവ് വ്യക്തമാക്കിയത്.

ബീഹാറിൽ ജെഡിയുവിലെ പാതിയോളം എംഎൽഎ മാർ തങ്ങൾക്കൊപ്പമാണെന്ന് അവകാശപ്പെട്ട തേജസ്വി യാദവ് നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ഇക്കാര്യം വ്യക്തമാകുമെന്നും അറിയിച്ചു.

മഹാസഖ്യത്തിനെയാണ് ജനങ്ങൾ ബീഹാറിന്റെ അഞ്ച് വർഷത്തെ ഭരണം ഏൽപ്പിച്ചതെന്ന് വ്യക്തമാക്കിയ തേജസ്വി യാദവ്, നിതീഷ് കുമാർ ജനങ്ങളെ വഞ്ചിച്ചുവെന്നും കുറ്റപ്പെടുത്തി.

ഇന്ന് രാവിലെയാണ് ബീഹാറിന്റെ മുഖ്യമന്ത്രിയായി വീണ്ടും നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അദ്ദേഹത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാഹചര്യം ഉണ്ടായത്.

സംസ്ഥാനത്ത്, 71 അംഗങ്ങളുണ്ടായിരുന്ന ജെഡിയു വിന് ബിജെപി യുടെ 53 അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചതോടെ കേവല ഭൂരിപക്ഷമായി. ബിജെപിക്ക് 14 മന്ത്രിമാരാണ് പുതിയ മന്ത്രിസഭയിൽ ലഭിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ