കോയമ്പത്തൂര്‍: പറക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ ഇന്ധന ടാങ്ക് നിലത്തേക്ക് വീണു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വച്ചാണ് സംഭവം. ആളൊഴിഞ്ഞ കൃഷി ഭൂമിയിലേക്കാണ് ടാങ്ക് വീണത്. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനത്തിന്റെ ഇന്ധന ടാങ്കാണ് താഴേക്ക് പതിച്ചത്. ആളപായമില്ല.

Read Also: ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറക് നിലത്തടിച്ചു

1200 ലിറ്റർ ഇന്ധനം ഉൾക്കൊള്ളുന്ന ടാങ്കാണിത്. താഴെ വീണ സ്ഥത്ത് മൂന്ന് അടിയോളം താഴ്ചയില്‍ കുഴി രൂപപ്പെടുകയും ഉടനെ ഇതിന് തീപിടിക്കുകയും ചെയ്തു. അതേസമയം, ഇന്ധനടാങ്ക് താഴെ വീണെങ്കിലും വിമാനം സുരക്ഷിതമായി വ്യോമതാവളത്തിന് സമീപം ഇറങ്ങി.

ഇന്ധന ടാങ്ക് പറക്കുന്നതിനിടെ താഴെ വീണതിന് കാരണം എന്താണെന്ന് അന്വേഷിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

എയർ ഇന്ത്യ വിമാനത്തിന്റെ ചിറക് ലാൻഡിങ്ങിനിടെ നിലത്ത് ഉരഞ്ഞത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് ഇന്നലെ രാവിലെയാണ് സംഭവം. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ചിറക് നിലത്ത് ഉരയുകയായിരുന്നു. കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല എന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കേടുപാടുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ അതേ വിമാനം ഷാര്‍ജയിലേക്ക് സര്‍വീസ് തുടര്‍ന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook