പാട്‌ന: ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനുമായ തേജ് പ്രതാപ് യാദവിനെതിരെ ഭാര്യ ഐശ്വര്യ റായി. തേജ് പ്രതാപ് വിചിത്ര സ്വഭാവമുള്ള വ്യക്തിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും ഐശ്വര്യ റായി വെളിപ്പെടുത്തി. തേജ് പ്രതാപുമായുള്ള വിവാഹമോചന ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതിയിലാണ് ഐശ്വര്യ ഇക്കാര്യങ്ങൾ പറഞ്ഞത്.

വിവാഹത്തിന് ശേഷം അധികം വൈകാതെ തന്നെ തേജ് പ്രതാപിന് വിചിത്ര സ്വഭാവമാണുള്ളതെന്ന് മനസിലായി. മയക്കമരുന്നിന് അടിമയാണ്. സ്ഥിരമായി അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കും. മാത്രമല്ല, മയക്കുമരുന്ന് ഉപയോഗിച്ച ശേഷം താന്‍ ഭഗവാന്‍ ശിവന്റെ അവതാരമാണെന്ന് തേജ് പ്രതാപ് അവകാശപ്പെടാറുണ്ടെന്നും ഐശ്വര്യ റായി പറഞ്ഞു. കൃഷ്ണനെ പോലെയും മറ്റുചിലപ്പോള്‍ ശിവനപ്പോലെയും വേഷം ധരിക്കാറുണ്ട്. വിവാഹത്തിനു ശേഷം ഇതെല്ലാം ശ്രദ്ധയിൽപ്പെട്ടിരുന്നതായി ഐശ്വര്യ പറയുന്നു.

Read Also: ഒരു രൂപയുടെ കടം ബാക്കിയാക്കി സുഷമ യാത്രയായി; മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഫോണില്‍ സംസാരിച്ചു

മാത്രമല്ല, ചിലപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പാവാടയും ബ്ലൗസും ധരിക്കുകയും നീളമുള്ള കൃത്രിമ മുടിയും ചമയങ്ങളും അണിഞ്ഞ് രാധയായി വേഷം മാറുകയും ചെയ്യുന്ന ശീലവും തേജ് പ്രതാപിനുണ്ടെന്നാണ് ഐശ്വര്യ കോടതിയിൽ പറഞ്ഞത്. കഞ്ചാവ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറയാറുണ്ടെങ്കിലും താൻ പറഞ്ഞാൽ തേജ് അനുസരിക്കാറില്ല എന്ന് ഐശ്വര്യ പറഞ്ഞു. മാത്രമല്ല, കഞ്ചാവ് ഭഗവാൻ ശിവന്റെ പ്രസാദമാണെന്നും അത് ഉപയോഗിക്കരുതെന്ന് പറയാൻ പാടില്ലെന്നും തേജ് തന്നോട് പറഞ്ഞിട്ടുള്ളതായി ഐശ്വര്യ റായി കോടതിയിൽ പറഞ്ഞു.

തേജ് പ്രതാപിന്റെ ഇത്തരം സ്വഭാവ ദൂഷ്യങ്ങളെ പറ്റി അദ്ദേഹത്തിന്റെ മാതാവിനോടും സഹോദരിയോടും പറഞ്ഞിട്ടുണ്ടെങ്കിലും അവർ സ്വഭാവം മാറും എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് ചെയ്തിരുന്നതെന്നും ഐശ്വര്യ പറഞ്ഞു. 2018 മേയ് മാസത്തിലാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ, ഏറം കഴിയും മുൻപ് വിവാഹമോചന ഹർജി നൽകുകയും ചെയ്തു. പാട്നയിലെ കോടതിയിലാണ് ഹർജി പരിഗണിക്കുന്നത്. ഭഗവാൻ ശിവന്റെ വേഷം ധരിച്ച് പാട്നയിലെ ഒരു ക്ഷേത്രത്തിൽ തേജ് ഇരിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook