ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനു സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇടക്കാല ജാമ്യത്തിന്റെ നിലപാടില്‍ നിന്ന് മാത്രമാണ് വിഷയം പരിഗണിക്കുന്നതെന്നു സുപ്രീം കോടതി പറഞ്ഞു.
ടീസ്റ്റയുടെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് ഹൈക്കോടതി സ്വതന്ത്രമായും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളാല്‍ സ്വാധീനിക്കാതെയും തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
2002ലെ കലാപക്കേസുകളുമായി ബന്ധപ്പെട്ട് ‘നിരപരാധികളെ’ കുടുക്കാന്‍ കൃത്രിമ തെളിവുകള്‍ ചമച്ചെന്നാരോപിച്ച് ജൂണ്‍ 25നാണ് സെതല്‍വാദിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തോട് ടീസ്റ്റ പൂര്‍ണ സഹകരിക്കുമെന്നു പറഞ്ഞ സുപ്രീം കോടതി, പാസ്പോര്‍ട്ട് കൈമാറാന്‍ അവരോട് നിര്‍ദേശിച്ചു.
ടീസ്റ്റയുടെ ജാമ്യാപേക്ഷ നോട്ടീസ് അയച്ച് ഏകദേശം ആറാഴ്ചയ്ക്ക് ശേഷം സെപ്റ്റംബര്‍ 19-നു പരിഗണിക്കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനത്തെ സുപ്രീം കോടതി വ്യാഴാഴ്ച ചോദ്യം വിമര്‍ശിച്ചിരുന്നു. ഇത് ‘ഗുജറാത്തിലെ സ്റ്റാന്‍ഡേര്‍ഡ് സമ്പ്രദായം’ ആണോയെന്ന് ആശ്ചര്യപ്പെട്ട കോടതി, കഴിഞ്ഞ രണ്ടു മാസമായി നിങ്ങള്‍ എന്ത് തരത്തിലുള്ള തെളിവുകളാണു ടീസ്റ്റയ്‌ക്കെതിരെ ശേഖരിച്ചതെന്നു സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തിരുന്നു.
”കഴിഞ്ഞ രണ്ട് മാസമായി നിങ്ങള്‍ എന്തു തരത്തിലുള്ള തെളിവുകളാണു് ശേഖരിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണം. ഒന്നാമതായി ടീസ്റ്റയെന്ന സ്ത്രീയുടെ രണ്ടു മാസത്തിലധികമായി കസ്റ്റഡിയില്‍ കഴിയുകയാണ്. രണ്ടാമതായി, ഏതെങ്കിലും ഘട്ടത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന്റെ പ്രയോജനം നിങ്ങള്‍ക്കുണ്ടായിരിക്കണം. അത്തരം കസ്റ്റഡി ചോദ്യം ചെയ്യലില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോ?,” ജൂണ്‍ 25 ന് അറസ്റ്റ് ചെയ്യപ്പെട്ട ടീസ്റ്റ രണ്ട് മാസത്തിലേറെയായി കസ്റ്റഡിയില്‍ കഴിഞ്ഞതു ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു.
പോട്ട, അല്ലെങ്കില്‍ യു എ പി എ എന്നു പറയുന്നത് പോലെ ഒരു കുറ്റവും ഇല്ല.. 437 വകുപ്പ് പ്രകാരം, ഒരു സ്ത്രീക്ക് തീര്‍ച്ചയായും ചികിത്സയ്ക്ക് അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞിരുന്നു.