റായ്‌പൂര്‍: ഒമ്പതാം ക്ലാസുകാരിയെ നാല് വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയില്‍ 15കാരിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി പരീക്ഷയ്ക്ക് തോറ്റതിന്റെ കാരണം തേടിയ അധ്യാപകരാണ് പീഡിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.
പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പൽ പെണ്‍കുട്ടിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി കരഞ്ഞ് കൊണ്ട് സത്യം തുറന്നു പറഞ്ഞു. വിവാഹിതരായ രണ്ട് പേര്‍ തന്നെ നാല് വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളില്‍ ഒരാള്‍ മുമ്പൊരു പീഡനക്കേസില്‍ അറസ്റ്റിലായതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ആറാം ക്ലാസ് വരെ വളരെ മിടുക്കിയായിരുന്നു പെണ്‍കുട്ടിയെന്ന് അധ്യാപകര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി പരീക്ഷകളില്‍ തോല്‍ക്കുകയായിരുന്നു. കൂടാതെ ക്ലാസില്‍ ഒന്നും മിണ്ടാറില്ലെന്നും അധ്യാപകര്‍ വ്യക്തമാക്കി.
Read More: ചെന്നൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 22 പേർ ചേർന്ന് 7 മാസത്തോളം പീഡിപ്പിച്ചു
എന്നാല്‍ ഒമ്പതാം ക്ലാസില്‍ തോറ്റതോടെയാണ് പ്രിന്‍സിപ്പൽ വിളിച്ച് കാര്യം അന്വേഷിച്ചത്. ആദ്യം പറയാന്‍ മടിച്ച പെണ്‍കുട്ടി പിന്നീട് വെളപ്പെടുത്തല്‍ നടത്തി. 35കാരനായ അയല്‍ക്കാരന്‍ താന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.
പിന്നീട് സ്കൂളില്‍ നിന്ന് തിരികെ വരുമ്പോഴൊക്കെ ഇയാള്‍ പീഡിപ്പിച്ചു. 30കാരനായ മറ്റൊരാളേയും ഇയാൾ വിളിച്ചുവരുത്തി കുട്ടിയെ പീഡിപ്പിച്ചു. തന്നെ കൊല്ലുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സംഭവം പുറത്ത് പറയാതിരുന്നതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പോക്സോ ചുമത്തിയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.