ലോസ്​ ആഞ്ചലൻസ്​: കൂട്ട ഓട്ടത്തിനിടെ പതിനാറുകാരനെ റോഡിലിറങ്ങിയ കരടി കടിച്ചു കൊന്നു. അലാസ്​കയിലാണ് സംഭവം. ഞായറാഴ്ച നടന്ന മൗണ്ട്യൻ റേസിലായിരുന്നു അപകടം ഉണ്ടായത്. കുടുംബാംഗങ്ങൾക്കൊപ്പം മത്സരത്തിൽ പ​ങ്കെടുത്ത പാട്രിക്​ കൂപ്പറെന്ന് കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്​.

പർവ്വതമേഖലയിലെ റോഡിലൂടെ ഓടുന്നതിനിടെയാണ്​ അപകടമുണ്ടായത്​. കാട്ടിൽ നിന്നും മലമ്പാതയിലേക്ക്​ ഇറങ്ങിയ കരടി പാട്രിക്കിനെ ആക്രമിക്കുകയായിരുന്നു. എന്നാൽ കരടിയെ കണ്ട പാട്രിക്​ അതിനെ പിന്തുടരുകയായിരുന്നുവെന്നും, അത്​ തിരിഞ്ഞ്​ പാട്രിക്കിനെ ആക്രമിക്കുകയായിരുന്നുവെന്നും മത്സരത്തിൽ പങ്കെടുത്ത മറ്റൊരാൾ പൊലീസിനെ അറിയിച്ചു.

കരടി പാട്രിക്കിനെ കാടിനുള്ളിലേക്ക്​ വലിച്ചിഴച്ചിരുന്നു. കാട്ടുപാതയിൽ നിന്നും 500 മീറ്റർ അകലെനിന്നാണ്​ മൃതദേഹം കണ്ടെടുത്തത്​. സംഭവം നടക്കുന്പോൾ പാട്രിക്കി​​ന്റെ മാതാവ്​ തൊട്ടുപിറകിൽ ഉണ്ടായിരുന്നു.

കാടിനരികിലൂടെയുള്ള പാതയിലൂടെയാണ്​ മത്സരം സംഘടിപ്പിച്ചിരുന്നത്​. അപകടം നടന്ന സ്ഥലം വന്യമൃഗങ്ങളുള്ള മേഖലയായിരുന്നു. സംഭവത്തിനുശേഷവും സമീപപ്രദേശത്ത്​ നിലയുറപ്പിച്ച കരടിയെ വനംവകുപ്പ്​ ഉദ്യോഗസ്ഥർ വെടിവെച്ചെങ്കിലും കാട്ടിനുള്ളിലേക്ക്​ ഓടി രക്ഷപ്പെടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ