ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 5 ജവാന്മാരാണ് കൊല്ലപ്പെട്ടത്. 3 ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് പുൽവാമയിലെ സിപിആർഎഫ് ക്യാംപിനുനേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു.

കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പൊലീസുകാരന്റെ മകനാണ്. ഏതാനും മാസങ്ങൾക്കു മുൻപാണ് ജെയ്ഷെ മുഹമ്മദിൽ 17 കാരനായ ഫർദീൻ അഹമ്മദ് ചേർന്നത്. ഭീകരാക്രമണത്തിനു മുൻപായി ഭീകരൻ റെക്കോർഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ജെയ്ഷെ മുഹമ്മദ്.

”ദൈവം നിശ്ചയിച്ചതുപോലെ ഈ സന്ദേശം നിങ്ങളിലെത്തുമ്പോൾ ഞാൻ സ്വർഗത്തിൽ ദൈവത്തിന്റെ അതിഥിയായി ഇരിക്കുന്നുണ്ടാവും” എട്ടു മിനിറ്റ് ദൈർഘ്യമുളള വിഡിയോയിൽ ഭീകരൻ പറയുന്നു. തോക്കുകൾക്കും വെടിക്കോപ്പുകൾക്കും നടുവിലിരുന്നാണ് ഭീകരൻ സംസാരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിൽ ചേർന്ന് ഇന്ത്യയ്ക്കെതിരെ പോരാടാൻ കശ്മീരി യുവാക്കളോട് ഭീകരൻ വിഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. കശ്മീർ താഴ്‌വരയെ ജെയ്ഷെ മുഹമ്മദ് തകർക്കുമെന്നും അവരെ തടയാൻ ആർക്കും സാധിക്കില്ലെന്നും ഭീകരൻ വിഡിയോയിൽ പറയുന്നു.

ചാവേർ ആക്രമണം നടത്തുന്ന ഭീകരർ ആദ്യമായാണ് ഇത്തരമൊരു വിഡിയോ റെക്കോർഡ് ചെയ്യുന്നതെന്ന് പൊലീസ് ഓഫിസർ പറഞ്ഞു. വിഡിയോ പൊലീസ് പരിശോധിച്ചുവരികയാണ്.

ജമ്മു കശ്മീർ പൊലീസിലെ കോൺസ്റ്റബിളിന്റെ മകനായ ഫർദീനെ 2017 സെപ്റ്റംബർ 15 മുതലാണ് കാണാതായത്. കാണാതായി ഒരു മാസം കഴിഞ്ഞപ്പോൾ കൈയ്യിൽ എകെ-47 തോക്കുപിടിച്ചു കൊണ്ട് നിൽക്കുന്ന ഗുലാമിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ഇതോടെയാണ് ഫർദീൻ ജെയ്ഷെ മുഹമ്മദിൽ ചേർന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook