ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യത്തിന്റെ വെടിവയ്‌പ്. പതിനേഴുകാരന്‍ കൊല്ലപ്പെടുകയും പതിനഞ്ചോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉമര്‍ അഹമദ് കുമാര്‍ ആണ് മരണപ്പെട്ടത്. ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകനെ രക്ഷിക്കാനാണ് പ്രതിഷേധം അരങ്ങേറിയത് എന്നാണ് ആരോപണം.

ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സീനത് ഉല്‍ ഇസ്‌ലാം ഷോപ്പിയാനിലെ ടര്‍ക്‌വംഗം ഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്നു എന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും സംയുക്തമായി തിരച്ചില്‍ നടത്തി വരികയായിരുന്നു. പിന്നീട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്‌പും നടന്നു.

ഗ്രാമത്തിലെയും പരിസരപ്രദേശത്തേയും ഒരു സംഘം യുവാക്കള്‍ വെടിവയ്‌പ് നടക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയും സൈന്യത്തിന് നേരെ കല്ലെറിയുകയും ആയിരുന്നു എന്നാണ് വിശദീകരണം. ഷോപ്പിയാനിലെ പിഞ്ചൂര ഗ്രാമത്തില്‍ നിന്നുമുള്ള ഉമര്‍ അഹമദ് കുമാര്‍ ആണ് മരണപ്പെട്ടത്. ഇതോടെ ഏപ്രില്‍ ഒന്ന് മുതല്‍ നടന്ന ഏറ്റുമുട്ടലുകളിലായി പത്ത് സാധാരണക്കാരാണ് മരിച്ചത്.

ഷോപ്പിയാനിലെ കച്ച്ഡോരയില്‍ ഏപ്രില്‍ ഒന്നിന് നടന്ന വെടിവയ്‌പി നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ പതിനൊന്നിന് തെക്കന്‍ കശ്മീരിലെ ഖുദ്‌‌വാനില്‍ നടന്ന വെടിവയ്‌പിൽ നാലും ഏപ്രില്‍ മുപ്പതിന് പുല്‍വാമയിലെ ദ്രബ്ഗാം ഗ്രാമത്തില്‍ നടന്ന വെടിവയ്‌പിൽ ഒരാളും വീതമാണ് മരണപ്പെട്ടത്.

“ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ അയാള്‍ (ഉമര്‍) മരിച്ചിരുന്നു.” ഷോപ്പിയാനിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സഹൂര്‍ അഹമദ് മാലിക് ഇന്ത്യന്‍ എക്‌സ്പ്രസിനോട്‌ പറഞ്ഞു. “പരുക്ക് പറ്റിയ അഞ്ച് പേരും ആശുപത്രിയില്‍ കഴിയുന്നുണ്ട്. പെല്ലറ്റ് കൊണ്ട് പരുക്കേറ്റവരാണവര്‍.

പതിനൊന്നുപേര്‍ പെല്ലറ്റ് ഏറ്റും നാലുപേര്‍ ബുള്ളറ്റ് കൊണ്ടും പരുക്ക് പറ്റിയിരിക്കുകയാണ് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് അറിയാന്‍ സാധിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ