ലുധിയാന: പഞ്ചാബില്‍ അഞ്ച് വയസുകാരനായ സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ 19കാരി അറസ്റ്റില്‍. ലുധിയാനയിലെ അമര്‍ജിത്ത് കോളനിയിലാണ് രേണു എന്ന കൗമാരക്കാരി അറസ്റ്റിലായത്. ഞായറാഴ്ചയാണ് ആന്‍ഷ് കനോജിയ എന്ന അഞ്ച് വയസുകാരന്റെ മൃതദേഹം വീട്ടിന് പുറത്ത് കണ്ടെത്തിയത്.

രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കൊലപാതകക്കുറ്റം രേണു സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സഹോദരന്റെ ശല്യം സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയതെന്നാണ് രേണു പൊലീസിനോട് പറഞ്ഞത്. താന്‍ എവിടെ പോയാലും ഐന്‍ഷ് പിന്തുടരുന്നെന്നും തനിക്ക് വീട്ടില്‍ ഇടംലഭിക്കുന്നില്ലെന്നും 19കാരി പറഞ്ഞു. കൊലപാതകം നടത്തിയതില്‍ തനിക്ക് യാതൊരു കുറ്റബോധമില്ലെന്നും രേണു പൊലീസിനോട് വ്യക്തമാക്കി.

അതേസമയം, പ്രദേശത്തെ ഒരു ആണ്‍കുട്ടിയുമായി രേണുവിന് ബന്ധമുണ്ടായിരുന്നെന്നും ഇയാള്‍ക്ക് കൊലപാതകത്തില്‍ എന്തെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. രേണുവിന് രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്. കൊലപാതകത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

‘ഒക്ടോബര്‍ 6ന് ആശുപത്രിയില്‍ ചികിത്സയിലുളള ഒരു ബന്ധുവിനെ കാണാന്‍ ആന്‍ഷിന്റെ അമ്മ പോയിരുന്നു. താനും കൂടെ പോകുന്നുവെന്ന് കുട്ടി പറഞ്ഞെങ്കിലും രേണു ചോക്ലേറ്റ് നല്‍കി കുട്ടിയെ വീട്ടിനകത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടത് കൈ കൊണ്ടാണ് കൃത്യം നടത്തിയിരിക്കുന്നത്. രേണു ഇടംകൈ കൊണ്ട് കാര്യങ്ങള്‍ ചെയ്യുന്ന ആളാണ്. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ രേണു കുറ്റം സമ്മതിച്ചിട്ടുണ്ട്,’ പൊലീസ് വ്യക്തമാക്കി.

‘കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കുട്ടിയുടെ മൃതദേഹം ബാഗിലാക്കി വീട്ടിന് പുറത്ത് കളയുകയായിരുന്നു. കുട്ടിയുടെ വസ്ത്രങ്ങളും ഊരി മാറ്റിയിരുന്നു. മാതാപിതാക്കള്‍ തിരികെ എത്തിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്നാണ് രേണു പറഞ്ഞത്. വസ്ത്രങ്ങള്‍ ഇപ്പോഴും കണ്ടെത്താനായില്ല,’ പൊലീസ് വ്യക്തമാക്കി.

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് വീട്ടിലെ ഒരു ബാഗ് കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബാഗ് കണ്ടെത്തിയത്. ഐപിസി 365 പ്രകാരം തട്ടിക്കൊണ്ടുപോകല്‍, ഐപിസി 302 പ്രകാരം കൊലപാതകം എന്നിവയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ