ലഖ്‌നൗ: കളിയാക്കിയതിനെ ചൊല്ലി നടന്ന വാക്കുതർക്കത്തിനൊടുവിൽ ഒൻപത് വയസുകാരനെ 12 വയസുളള രണ്ട് ആൺകുട്ടികൾ ചേർന്ന് തല്ലിക്കൊന്നു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മീററ്റിലെ ലിസാറിഗേറ്റ് പൊലീസ് സ്റ്റേഷന് സമീപം ഈ മാസമാദ്യമാണ് ഈ സംഭവം നടന്നത്.

ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടി കുറ്റവാളികളെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റി. ഏപ്രിൽ 19 ന് കുട്ടിയെ കാണാതായതിന് തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

തിരച്ചിലൊനൊടുവിൽ സദർ ബസാർ ഏരിയയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിലുളള മുറിവേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

കുട്ടിയെ അവസാനമായി കണ്ടത് അയൽവാസിയായ കുട്ടിക്കൊപ്പമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അയൽവാസിയായ മറ്റൊരു കുട്ടിയും താനും ചേർന്ന് ഇമ്രാൻ എന്ന ഒൻപത് കാരനെ കൊലപ്പെടുത്തിയതാണെന്ന് ഈ കുട്ടി കുറ്റസമ്മതം നടത്തി.

ഏപ്രിൽ 18 ന് ഇവർ താമസിക്കുന്ന ഫ്ലാറ്റ് കെട്ടിടത്തിന്റെ മുകളിലേക്ക് ഇമ്രാനെ കൂട്ടിക്കൊണ്ട് പോയ ശേഷം കഴുത്തറുക്കുകയായിരുന്നുവെന്നാണ് ഇരുവരും പൊലീസിനോട് സമ്മതിച്ചത്. പിന്നീട് മൃതദേഹം ചാക്കിൽ പൊതിഞ്ഞുകെട്ടിയെ ശേഷം സ്കൂട്ടറിൽ കൊണ്ടുപോയി വിജനമായ സ്ഥലത്ത് തളളുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ