മുംബൈ: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കയില്‍ നിന്നും തന്റെ അമ്മയെ കാണാന്‍ കൊതിച്ചെത്തിയ റിതുരാജ് സഹാനി കാണുന്നത് അമ്മയുടെ അസ്ഥികൂടമാണ്. അമേരിക്കയിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന റിതുരാജ് വര്‍ഷത്തില്‍ ഒരിക്കലാണ് അമ്മ ആശാ സഹാനിയെ കാണാനായി നാട്ടില്‍ എത്താറുള്‌ലത്. മുംബൈയിലെ ഒഷിവാരയിലെ ഫ്‌ളാറ്റില്‍ തനിച്ചാണ് 63കാരിയായ ആശ ജീവിച്ചിരുന്നത്.

ഞായറാഴ്ച വൈകുന്നേരമാണ് റിതുരാജ് ഫ്‌ളാറ്റില്‍ എത്തിയത്. പല തവണ കതകില്‍ തട്ടിയെങ്കിലും തുറക്കാത്തതിനാല്‍ ആശാരിയെ കൊണ്ടുവന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറക്കുകയായിരുന്നു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച റിതു കണ്ടത്. അമ്മയ്ക്കു പകരം അമ്മയുടെ അസ്ഥികൂടം.

തനിക്ക് മുംബൈയില്‍ മറ്റു ബന്ധുക്കളൊന്നും ഇല്ലെന്നും ഫ്‌ളാറ്റില്‍ അമ്മ തനിച്ചായിരുന്നു താമസമെന്നും റിതുരാജ് പോലീസിനോട് പറഞ്ഞു. 1997ലാണ് ജോലിക്കായി റിതുരാജ് അമേരിക്കയിലേക്ക് പോയത്.

അതേസമയം, അമ്മയും മകനും അവസാനമായി സംസാരിച്ചത് 2016 ഏപ്രിലില്‍ ആണെന്നും, അന്ന് തനിക്ക് വല്ലാതെ ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നെന്നും തന്നെ വൃദ്ധസദനത്തിലേക്ക് മാറ്റണമെന്നും ആശാ സഹാനി റിതുരാജിനോട് പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

അസ്ഥികൂടം മാത്രമായ അവസ്ഥയില്‍ കണ്ടെത്തിയതിനാല്‍ ഇവര്‍ ആഴ്ചകള്‍ക്കു മുന്നേ മരിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്ന് ഒഷിവാര പോലീസ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ഖന്‍വില്‍ക്കര്‍ അറിയിച്ചു. വീട് അകത്തു നിന്നും പൂട്ടിയിരുന്നതിനാലും അസ്ഥികൂടത്തില്‍ മറ്റ് ഒടിവുകളോ ഒന്നും ഇല്ലാത്തതിനാലും മരണത്തില്‍ അസ്വാഭാവികതയുള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ