പുണെ: റോഡപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാതെ നാട്ടുകാർ വെറും കാണികളായി നിന്നു. പുണെയിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. അപകടത്തിൽപ്പെട്ട് റോഡരികിൽ രക്തം വാർന്നൊലിച്ച് കിടന്ന 25 കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ സതീഷ് പ്രഭാകറാണ് ആരുടെയും സഹായം ലഭിക്കാതെ മരണത്തിനു കീഴടങ്ങിയത്.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ബൊസാരിയിലെ ഇന്ദ്രാണിനഗറിൽവച്ചാണ് സതീഷ് അപകടത്തിൽപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സതീഷിനെ ആശുപത്രിയിലെത്തിക്കാതെ കണ്ടവരെല്ലാം മൊബൈലിൽ ഫോട്ടോയെടുക്കാനും വിഡിയോ ഷൂട്ട് ചെയ്യാനുമാണ് തിരക്ക് കൂട്ടിയത്. ഒടുവിൽ അതുവഴി വന്ന ദന്ത ഡോക്ടറായ കാർത്തിക്‌രാജ് ആണ് സതീഷിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും സതീഷിന് ജീവൻ നഷ്ടമായിരുന്നു.

”ബൊസാരിയിലെ തന്റെ ക്ലിനിക്കിലേക്ക് പോകവേ വൈകിട്ട് 6.30 ഓടെയാണ് റോഡരികിൽ വലിയൊരു ജനക്കൂട്ടത്തെ കണ്ടത്. ഞാൻ അടുത്ത് ചെന്ന് നോക്കിയപ്പോൾ കണ്ടത് റോഡിൽ ഗുരുതരമായി പരുക്കേറ്റ് കിടക്കുന്ന യുവാവിനെയാണ്. ശരീരം മുഴുവൻ രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു. പക്ഷേ അയാൾക്ക് ബോധമുണ്ടായിരുന്നു. കൈകളും കാലുകളും അയാൾ അനക്കുന്നുണ്ടായിരുന്നു. അയാൾക്കും ചുറ്റും നിരവധിപേർ കൂടി നിൽപ്പുണ്ട്. ചിലർ ഫോട്ടോയെടുക്കുന്നു, മറ്റൊരാൾ വിഡിയോ ഷൂട്ട് ചെയ്യുന്നു. ആരും യുവാവിനെ ആശുപത്രിയിലെത്തിക്കാൻ തയാറായില്ല. ഒടുവിൽ അതുവഴി വന്ന ഒരു ഓട്ടോയിലാണ് ഡ്രൈവറുടെ സഹായത്തോടെ യുവാവിനെ ആശുപത്രയിലെത്തിച്ചത്. പക്ഷേ അപ്പോഴേക്കും യുവാവ് മരിച്ചു”വെന്നും കാർത്തിക്‌രാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ