മുംബൈ: സച്ചിൻ തെൻഡുൽക്കറുടെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ എൻജിനീയറെ പിടികൂടി. അന്ദേരിയിലെ വീട്ടിൽനിന്നാണ് നിതിൻ ശിശോദേയെ (39) പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽനിന്നും ലാപ്‌ടോപ്പുകളും മൊബൈൺ ഫോണുകളും മറ്റു കംപ്യൂട്ടർ ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.

ലണ്ടനിൽ പഠിക്കുന്ന മകൾ സാറ തെൻഡുൽക്കറുടെ പേരിൽ ആരോ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി സച്ചിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആണ് സൈബർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സാറയുടെ പേരിലുളള വ്യാജ അക്കൗണ്ടിൽനിന്നും എൻസിപി നേതാവ് ശരത് പവാറിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുളള ട്വീറ്റുകൾ പുറത്തുവന്നിരുന്നു. ശരത് പവാറും എൻസിപിയുമാണ് മഹാരാഷ്ട്രയെ കൊളളയടിച്ചതെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രത്തിലും അദ്ദേഹം ഇതു തന്നെയാണ് ചെയ്തതെന്ന് പലർക്കും അറിയില്ലെന്നായിരുന്നു സാറയുടെ പേരിലുളള വ്യാജ അക്കൗണ്ടിൽനിന്നും പുറത്തുവന്ന ട്വീറ്റ്. ഇതു വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

എന്‍സിപിയുടെ നിയമസഭാംഗം ജിതേന്ദ്ര ട്വീറ്റിനെക്കുറിച്ച് സച്ചിൻ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. തന്റെ മകളുടെ പേരിലുളള വ്യാജ അക്കൗണ്ടാണ് ഇതെന്ന് വിശദീകരിച്ച് ഒടുവിൽ സച്ചിൻ തന്നെ നേരിട്ട് രംഗത്തെത്തി. ഇതിനുപിന്നാലെയാണ് സച്ചിന്റെ പേഴ്സണൽ അസിസ്റ്റന്റ് സൈബർ പൊലീസിൽ പരാതി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook