ട്രായിയുടെ ബ്രോഡ്‌കാസ്റ്റിങ് ആൻഡ് കേബിൾ സർവ്വീസ് നിയമപ്രകാരം ഉപഭോക്താക്കൾക്ക് ഇഷ്ട ചാനലുകൾ തിരഞ്ഞെടുക്കാൻ ജനുവരി 31 വരെ സാധിക്കും. 2018 ഡിസംബർ 28നകം ചാനലുകൾ തിരഞ്ഞെടുക്കണമെന്നായിരുന്നു ട്രായ് നേരത്തെ വിജ്ഞാപനം ഇറക്കിയത്. എന്നാൽ നിലവിലെ ചാനലുകൾ ജനുവരി അവസാനം വരെ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനാകുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ബ്രോഡ്‌കാസ്റ്റിങ് ആൻഡ് കേബിൾ സർവ്വീസിസ് പുതിയ നിബന്ധന 2017 മാർച്ചിൽ നടപ്പിലാക്കുമെന്നാണ് ട്രായ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീടിത് 2018 ജൂലൈയിലേക്ക് നീട്ടി. ഉപഭോക്താക്കൾക്ക് ചാനലും മാസ വരിസഖ്യ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പുതിയ നിബന്ധനയിലുണ്ട്.

പുതിയ നിബന്ധനപ്രകാരം ഉപഭോക്താവിന് തങ്ങൾക്ക് വേണ്ട ചാനലുകൾ തിരഞ്ഞെടുക്കാനാകും. എന്നാൽ ഡിടിഎച്ച്, കേബിൾ സർവീസുകൾക്ക് 500 ചാനലുകളിൽ നിന്ന് 100 ഫ്രീ -ടു-എയർ ചാനലുകൾ 130 രൂപയും ടാക്‌സും നൽകി റീചാർജ് ചെയ്യണം.

പുതിയ നിബന്ധനയിലേക്ക് ജനുവരി 31ലെ മാറ്റം സുഗമമായി നടത്താനാകുമെന്നാണ് ട്രായ് പറയുന്നത്. ലോക്കൽ കേബിൾ ഓപ്പറേറ്റർമാർക്ക് ജനുവരി 31 വരെ നിലവിലെ കേബിൾ കണക്ഷൻ നിർത്തലാക്കാൻ സാധിക്കില്ലെന്നും ട്രായ് അറിയിച്ചു.

എല്ലാ സേവനദാതാക്കൾക്കും, ഡിടിഎച്ച് ഓപ്പറേറ്റർമാർക്കും, മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർക്കും 150 ദശലക്ഷം ഉപഭോക്താക്കൾക്ക് നൽകുന്ന സേവനം തടസ്സമില്ലാതെ നൽകാനും പുതിയ നിബന്ധന ഉപഭോക്താക്കളെ അറിയിക്കാനുമാണ് ജനുവരി 31 വരെ സമയപരിധി നീട്ടിയത്. ചാനലുകളുടെ പട്ടികയും ഓരോ ചാനലിന് നൽകേണ്ട തുകയും അടങ്ങിയ പട്ടിക ട്രായ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook