വാഹനം ഓടിക്കുന്നവരാണ് സാധരണ ഹെൽമ്മറ്റ് ധരിക്കാറ്. എന്നാൽ തെലങ്കാനയിൽ വിചിത്രമായൊരു ആവശ്യത്തിന് വേണ്ടിയാണ് ചിലർ ഹെൽമ്മറ്റ് ധരിക്കുന്നത്. തെലങ്കാനയിലെ മേഡക്ക് ജില്ലയിലാണ് സംഭവം. അധ്യാപകരാണ് ഇവിടെ ഹെൽമ്മറ്റ് ധരിക്കുന്നത്. എന്തിനാണ് എന്നറിയേണ്ടെ?

തെലങ്കാനയിൽ ഇപ്പോൾ മഴക്കാലത്തിന്റെ സമയമാണ്. എന്നാൽ മഴപെയ്ത് കഴിഞ്ഞാൽ തെലങ്കാനയിലെ സ്ക്കൂളുകളെ അത് വലിയ രീതിയിൽ ബാധിക്കും. കാരണം ചെറിയൊരു മഴപെയ്ത് കഴിഞ്ഞാൽ സ്ക്കൂൾ കെട്ടിടങ്ങൾ ചോർന്നൊലിക്കും. മഴവെള്ളത്തിൽ നിന്ന് കൊണ്ടാണ് അധ്യാപകർ ക്ലാസ് എടുക്കുന്നത്.

മേൽക്കൂരകൾ നിർമ്മിക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികാരികൾ ചെവിക്കൊണ്ടില്ല. വർഷങ്ങൾ പഴക്കമുള്ള സ്ക്കൂൾ കെട്ടിടങ്ങൾ പലതും തകർന്നു വീഴാറായ അവസ്ഥയിലുമാണ്. ഈ പരാതികൾ മുഖവിലയ്ക്ക് എടുക്കാത്ത അധികാരികൾക്ക് എതിരെ പ്രതിഷേധിക്കുകയാണ് ഇവിടുത്തെ അഭിഭാഷകർ. മഴയെ പ്രതിരോധിക്കാൻ ഹെൽമ്മറ്റ് ധരിച്ചാണ് അധ്യാപകർ പ്രതീകാത്മക സമരം നടത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വിദ്യാർഥികൾക്ക് പഠിക്കാൻ ആവില്ലെന്ന് അധ്യാപകർ പറയുന്നു. ജില്ല ഭരണകൂടത്തിന് പരാതി കൊടുത്തിട്ടും യാതൊരു വിധ നടപടികളും എടുത്തിട്ടില്ലെന്നും അധ്യാപകർ ആരോപിക്കുന്നു.

കഴിഞ്ഞ ആഴ്ച ബീഹാറിലും ഹെൽമ്മറ്റ് ധരിച്ച് അധ്യാപകർ ക്ലാസ് എടുക്കുന്നതിന്റെ ചിത്രം പുറത്ത് വന്നിരുന്നു. ചോർന്നൊലിക്കുന്ന കെട്ടിടങ്ങൾ തന്നെയാണ് ഇവിടെയും വില്ലൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ