വിജയവാഡ: വിവാഹ അഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ അധ്യാപകൻ വിദ്യാർത്ഥിനിയുടെ കഴുത്ത് മുറിച്ചു. ആന്ധ്രപ്രദേശിലെ കുർനൂൾ ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ സ്കൂളിലെ ഹിന്ദി അധ്യാപകനായ 30 കാരനാണ് 14 കാരിയായ പെൺകുട്ടിയെ വീട്ടിലെത്തി ആക്രമിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒരു വർഷമായി അധ്യാപകൻ പെൺകുട്ടിയെ ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വിവാഹം ചെയ്തു തരണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ അവർ വിസമ്മതിച്ചതായും കുർനൂൾ ഡിവൈഎസ്‌പി യുഗന്ദർ ബാബു പറഞ്ഞു.

ഇന്നു രാവിലെ ഒൻപതു മണിയോടെ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് അധ്യാപകൻ വീട്ടിൽ എത്തി. അവിടെയുണ്ടായിരുന്ന അനുജനെ പുറത്തേക്ക് പറഞ്ഞു വിട്ടു. തുടർന്ന് കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്ത് മുറിച്ചു. അതിനുശേഷം സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു.

പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂട്ടിയ അയൽക്കാർ അധ്യാപകനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെയും അധ്യാപകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടി അപകടനില തരണം ചെയ്തതായാണ് ആശുപത്രി വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook