ന്യൂഡല്‍ഹി: ഹൗഡി മോദി പരിപാടിയിലെ ‘അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ ആഹ്വാനം  സംബന്ധിച്ച്  പ്രധാനമന്ത്രിയെ ന്യായീകരിച്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി.

ട്വിറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി മോദിയുടെ കഴിവുകേട് മറച്ചുവെച്ചതിനു നന്ദി എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.

‘അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ ആഹ്വാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും മറ്റും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണു മോദിയെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ രംഗത്തെത്തിയത്. മോദിയുടെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നുവെന്നായിരുന്നു ജയ്ശങ്കറിന്റെ വിശദീകരണം. ഇതിനെതിരെയാണു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

”ഞങ്ങളുടെ പ്രധാനമന്ത്രിയുടെ കഴിവുകേട് മറച്ചുവച്ചതിനു ജയ്ശങ്കറിനു നന്ദി. മോദിയുടെ ഈ നടപടി ഡെമോക്രാറ്റുകള്‍ക്ക് ഇന്ത്യയോടുള്ള സമീപനത്തെയടക്കം ബാധിക്കും. നിങ്ങളുടെ ഇടപെടലിലൂടെ അതു പരിഹരിക്കപ്പെടുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ അവിടെ ഉണ്ടായിരിക്കുമ്പോള്‍ നയതന്ത്രത്തെക്കുറിച്ച് അദ്ദേഹത്തെ എന്തെങ്കിലുമൊക്കെ അദ്ദേഹത്തെ പഠിപ്പിക്കണം” എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

Also Read: ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നിങ്ങള്‍, യുഎസ് തിരഞ്ഞെടുപ്പിലെ താര പ്രചാരകനല്ല; മോദിക്കെതിരെ കോണ്‍ഗ്രസ്

പ്രധാനമന്ത്രി മോദി ഒരിക്കലും ”അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍” എന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു ജയ്ശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കരുതെന്നും ഇന്ത്യയ്ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രത്യേക പക്ഷമില്ലെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനു വാഷിങ്ടണില്‍ എത്തിയപ്പോഴാണു ജയ്ശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന ഇന്ത്യയുടെ വിദേശനയത്തെ മോദി ലംഘിച്ചെന്നു കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. യുഎസ് തിരഞ്ഞെടുപ്പിലെ താരപ്രചാരകനല്ല ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നു കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ ട്വിറ്ററിലൂടെ തുറന്നടിച്ചു. ”മിസ്റ്റര്‍ പ്രധാനമന്ത്രി, നിങ്ങള്‍ മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതിലൂടെ ഇന്ത്യയുടെ വിദേശനയം ലംഘിച്ചു. ഇന്ത്യയുടെ ദീര്‍ഘദൂര പദ്ധതികള്‍ക്കു വിരുദ്ധമാണിത്,” ആനന്ദ് ശര്‍മ്മ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook