ന്യൂഡല്‍ഹി: 2013-ലെ കേദാര്‍നാഥ് പ്രളയം അനവധി പേരുടെ ജീവിതങ്ങളെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്. എന്നാല്‍, ആ പ്രളയത്തില്‍ വ്യോമസേന നടത്തിയ രക്ഷാപ്രവര്‍ത്തനം കണ്ട ഒരു പെണ്‍കുട്ടി തന്റെ കുടുംബത്തിന്റെ തലവരയും മാറ്റിയെഴുതി. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ഒരു ബസ് സ്റ്റാന്‍ഡിന് സമീപം ചായ വില്‍ക്കുന്ന സുരേഷ് അഗര്‍വാളിന്റെ മകളായ അഞ്ചല്‍ ഗംഗ്വാള്‍ ആ രക്ഷാപ്രവര്‍ത്തനം കണ്ട് പ്രചോദിതയായി വ്യോമ സേനയില്‍ ചേരണമെന്ന് തീരുമാനിച്ചു.

ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഏറെ കടമ്പകളുണ്ടായിരുന്നു അഞ്ചലിന് കടക്കാന്‍. സ്‌കൂളിലെ ഫീസ് മുതല്‍ വ്യോമസേനയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരീക്ഷ വരെ. നിശ്ചയദാര്‍ഢ്യവും കഠിനമായ പരിശ്രമവും കൊണ്ട് അവര്‍ അത് മറികടന്നു. ഇന്ന് 24-ാം വയസ്സില്‍ അവര്‍ വ്യോമസേനയില്‍ ഫ്‌ളൈയിംഗ് ഓഫീസറാണ്. തളരാതെ സ്വപ്നത്തെ പിന്തുടര്‍ന്ന അഞ്ചല്‍ ആറാമത്തെ പരിശ്രമത്തിലാണ് പരീക്ഷയില്‍ വിജയിക്കുന്നത്.

പഠിക്കാന്‍ മിടുക്കിയായ അഞ്ചല്‍ ബാസ്‌ക്കറ്റ് ബോള്‍ താരമായിരുന്നുവെന്ന് അച്ഛന്‍ സുരേഷ് പറയുന്നു. “കേദാര്‍നാഥ് ദുരന്തം ഉണ്ടായപ്പോള്‍ വ്യോമസേനാംഗങ്ങള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം കണ്ടശേഷമാണ് അവള്‍ ആദ്യമായി ഈ ആഗ്രഹം പറയുന്നത്,” സുരേഷ് പറഞ്ഞു.

Read Also: ഹാക്ക് ചെയ്ത വാട്സാപ്പ് അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കാം

സാമ്പത്തികമായി ബുദ്ധിമുട്ടുകളേറെയുണ്ടായിരുന്ന സുരേഷ് മകളുടെ സ്വപ്‌നത്തിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. പ്രവേശന പരീക്ഷയ്ക്കുവേണ്ടിയുള്ള പുസ്തകങ്ങള്‍ അദ്ദേഹം അഞ്ചലിന് വാങ്ങി നല്‍കി. “അവള്‍ക്ക് നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. ആറാമത്തെ ശ്രമത്തില്‍ വിജയിച്ചു,” അദ്ദേഹം പറഞ്ഞു.

“എന്റെ സാമ്പത്തിക അവസ്ഥ എല്ലാവര്‍ക്കും മനസ്സിലാകും. അവളുടെ സ്‌കൂള്‍, കോളെജ് ഫീസ് അടയ്ക്കാന്‍ പറ്റാത്ത അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫീസ് അടയ്ക്കാന്‍ വൈകുമ്പോള്‍ ഞാന്‍ നഗരത്തില്‍ നിന്നും മാറിനില്‍ക്കുന്നതായി നടിക്കുമായിരുന്നു,” പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ള സുരേഷ് പറയുന്നു.

എന്നാല്‍, അഞ്ചലിനെ പരിശീലനത്തിനുശേഷം സേനയില്‍ ഉള്‍പ്പെടുത്തുന്ന ചടങ്ങ് കാണാന്‍ കോവിഡ്-19 യാത്ര വിലക്കുകള്‍ മൂലം കുടുംബത്തിന് കഴിഞ്ഞില്ല.

അഞ്ചലിന്റെ നേട്ടത്തെ പ്രശംസിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

മധ്യപ്രദേശിന്റെ അഭിമാനമായ അഞ്ചല്‍ രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ അനന്തമായ ആകാശത്തിന്റെ ഉയരങ്ങളില്‍ പറക്കുമെന്ന് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

Read in English: Madhya Pradesh: Against all odds, tea seller’s daughter becomes IAF officer

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook