അമരാവതി: തെലുങ്കു ദേശം പാര്‍ട്ടി ബിജെപിയുമായുളള ബന്ധം വെളളിയാഴ്ച തന്നെ ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് നാളെ പാര്‍ലമെന്റില്‍ ഉയര്‍ത്തുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാനും ടിഡിപി തീരുമാനിച്ചു. എന്‍ഡിഎയില്‍ നിന്നും പുറത്തുപോകാനുളള അന്തിമ തീരുമാനം കൈക്കൊളളാനായി ടിഡിപി പ്രസിഡന്റും ആന്ധ്ര മുഖ്യമന്ത്രിയുമായ എന്‍.ചന്ദ്രബാബു നായിഡു പോളിറ്റ് ബ്യൂറോ യോഗം വിളിച്ചിട്ടുണ്ട്.

ഭൂരിഭാഗം വരുന്ന എംപിമാരും എംഎല്‍എമാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും എന്‍ഡിഎ വിടണമെന്ന് ഇതിനകം അഭിപ്രായപ്പെട്ടതായാണ് വിവരം. തമിഴ്നാട്ടില്‍ കളിച്ച അതേ വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി ആന്ധ്രയിലും കളിക്കുന്നതെന്നും എന്‍ഡിഎ വിടുക എന്നത് മാത്രമാണ് അവസാന തീരുമാനമെന്നും ടിഡിപി നേതാവ് കമ്പംപെട്ടി രാമമോഹന്‍ റാവു വ്യക്തമാക്കി. ടിപിയേയും തന്നേയും ലക്ഷ്യമിട്ട് ബിജെപി വൈഎസ്ആര്‍ കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആരോപിച്ചിരുന്നു.

പ്രത്യക പദവി, ഫണ്ട് അനുവദിക്കല്‍ തുടങ്ങിയ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെ വൃത്തികെട്ട രാഷ്ട്രീയമാണ് മോദി കളിക്കുന്നതെന്നും റാവു കുറ്റപ്പെടുത്തി. മോദിക്കും ബിജെപിക്കും എതിരെ ജനവികാരം രൂപപ്പെട്ടതിന് തെളിവാണ് യുപി- ബിഹാര്‍ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് മന്ത്രിമാരെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും മാര്‍ച്ച് 8നാണ് ടിഡിപി പിന്‍വലിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ