ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കള്‍ 370 പിന്‍വലിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം. ജമ്മു കാശ്മീരിന് നല്‍കി പോന്നിരുന്ന പ്രത്യേക അധികാര പദവി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം രാജ്യസഭയില്‍ ശക്തമായി എതിര്‍ത്തു. പ്രതിഷേധങ്ങള്‍ക്കിടയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് പിഡിപി എംപിമാരായ മിര്‍ ഫിയാസ്, നസീര്‍ ലവായ് എന്നിവര്‍ സഭയ്ക്ക് പുറത്ത് പ്രകടനം നടത്തി. രാജ്യസഭയില്‍ ഇരുവരും ഭരണഘടന കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. ഇത് രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ക്ഷുഭിതനാക്കി. എംപിമാരുടെ പ്രവൃത്തിയില്‍ ക്ഷോഭിച്ച വെങ്കയ്യ നായിഡു ഇരുവരോടും സഭയില്‍ നിന്ന് ഇറങ്ങി പോകാന്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടെ എംപി മിര്‍ ഫിയാസ് സ്വന്തം വസ്ത്രം കീറുകയും ചെയ്തു. വളരെ വൈകാരികമായാണ് രണ്ട് എംപിമാരും സഭയില്‍ പ്രതിഷേധിച്ചത്.

ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതില്‍ തങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എന്നാല്‍, ഭരണഘടന കീറിയുള്ള എംപിമാരുടെ പ്രതിഷേധത്തെ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ ഭരണഘടനയെ പിന്തുണക്കുന്നവരും ബഹുമാനിക്കുന്നവരും ആണെന്ന് ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രതിപക്ഷത്തു നിന്നുള്ള ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്പി) ബില്ലിനെ പിന്തുണച്ചിരിക്കുകയാണ്. ആര്‍ട്ടിക്കള്‍ 370 പിന്തുണക്കുന്നു എന്നും ബില്ലിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കുന്നില്ലെന്നും ബിഎസ്പി എംപിമാര്‍ പറഞ്ഞു.

Read Also: Explained: What is Article 370?: എന്താണ് ആര്‍ട്ടിക്കിള്‍ 370? 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദമാണ് ഇന്ന് റദ്ദാക്കിയത്. രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്.

ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.

Read Also: Jammu and Kashmir News Live Updates: കാശ്മീരിന്റെ പ്രത്യേക പദവി നീക്കി, ആർട്ടിക്കൾ 370 റദ്ദാക്കി; ഇനി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook